ഫ്രാൻസ് :ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് കാട്ടി ടെലഗ്രാം സ്ഥാപകന്‍ പവേൽ ദുരോവിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ടെലഗ്രാം. ദുരോവിന്‍റെ കസ്റ്റഡി കാലാവധി ഫ്രഞ്ച് കോടതി നീട്ടിയതിന് പിന്നാലെയാണ് ടെലഗ്രാമിന്‍റെ പ്രതികരണം. ദുരോവിന് മറയ്ക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം ഇടയ്ക്കിടെ യൂറോപ്പിലൂടെ സഞ്ചരിക്കാറുണ്ടെന്നും ടെലഗ്രാം പറഞ്ഞു.
ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍റെ നിയമങ്ങൾ ടെലഗ്രാം പാലിക്കുന്നുണ്ടെന്നും ആപ്പിന്‍റെ പ്രവര്‍ത്തനം വ്യവസായ മാനദണ്ഡങ്ങൾക്കുള്ളില്‍ നിന്നുകൊണ്ടാണെന്നും ടെലഗ്രാം വ്യക്തമാക്കി. ഒരു പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗത്തിന് അതിന്‍റെ ഉടമയോ അല്ലെങ്കില്‍ ആ പ്ലാറ്റ്‌ഫോം തന്നെയോ ഉത്തരവാദികളാണെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെന്നും ടെലഗ്രാം പറഞ്ഞു. പരമാവധി 96 മണിക്കൂറിലേക്കാണ് ദുരോവിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്.
ടെലഗ്രാമിലൂടെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സ്ഥാപകന്‍ പരാജയപ്പെട്ടു എന്ന് കാട്ടിയാണ് റഷ്യൻ വംശജനായ പവേൽ ദുരോവിനെ ശനിയാഴ്‌ച വൈകുന്നേരം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‌തത്. ആരോപണത്തില്‍ ഇന്നും ദുരോവിനെ ചോദ്യം ചെയ്‌തു. ഈ തടങ്കൽ കാലവധി അവസാനിക്കുമ്പോൾ ദുരോവിനെ മോചിപ്പിക്കണോ കുറ്റം ചുമത്തി കൂടുതല്‍ കാലത്തേക്ക് കസ്റ്റഡിയിൽ വിടണോ എന്ന് ജഡ്‌ജിക്ക് തീരുമാനിക്കാം.