അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കം ഇനിയും വൈകുമെന്ന് നാസ. ഇരുവരെയും 2025 ഫെബ്രുവരിയിൽ തിരികെയെത്തിക്കാനാവുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തിരിപ്പ് നീളുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഇരുവരെയും തിരികെയെത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ9 ദൗത്യം വൈകുന്നതാണ് കാരണം.
അടുത്ത വർഷം ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്നും തിരിക്കുന്ന ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് അയക്കാനായിരുന്നു പദ്ധതി. എന്നാൽ ദൗത്യം മാർച്ചിലേക്ക് നീട്ടുകയായിരുന്നു. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ 6 നാണ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്.
10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടെങ്കിലും പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. സുരക്ഷ വിഷയം കാരണം ഇരുവരെയും തിരികെയെത്തിക്കാനാകാതെ സ്റ്റാർലൈനർ പേടകം പിന്നീട് തനിയെ ഭൂമിയിലേക്ക് മടങ്ങി. തുടർന്നാണ് 5 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയിൽ മടങ്ങിയെത്തുന്ന സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ഇരുവരെയും തിരികെയെത്തിക്കാൻ തീരുമാനിക്കുന്നത്.
എന്നാൽ ക്രൂ-9 ദൗത്യം ഇനിയും നീളുന്നതോടെ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ആരോഗ്യസ്ഥിതിയിൽ ആശങ്കാകുലരാണ് ലോകജനത. ഇരുവരുടെയും ബഹിരാകാശ നിലയത്തിനുള്ളിലെ ചിത്രങ്ങൾ നാസ പങ്കുവയ്‌ക്കാറുണ്ട്.സുനിത വില്യംസിന്‍റെ മെലിഞ്ഞ്, കവിളൊട്ടി, ക്ഷീണിതയായ നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പലരും ആശങ്കാകുലരായിരുന്നു.
എന്നാൽ തങ്ങൾ ആരോഗ്യവാന്മാരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് സുനിതവില്യംസ് അറിയിച്ചിരുന്നത്. നിത്യേനയുള്ള വ്യായാമവും ഭക്ഷണത്തിന്‍റെ അളവ് കുറയ്‌ക്കുന്നതുമാകാം കവിളൊട്ടിയതിന് പിന്നിലെ കാരണം. അതിനിടയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് ഡോൺ പെറ്റിറ്റിനൊപ്പം സുനിത വില്യംസ് ക്രിസ്‌മസ് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ നാസയുടെ ജോൺ സ്‌പേസ് സെന്‍റർ തങ്ങളുടെ എക്‌സ് പേജിൽ പങ്കുവച്ചിരുന്നു.
Also Read:
- ആയുധ ഉത്‌പാദന രംഗത്ത് ഇന്ത്യ നേട്ടം കൈവരിച്ച വർഷം: പിനാക മുതൽ ഹൈപ്പർസോണിക് മിസൈൽ വരെ; 2024 ലെ പ്രധാന ഡിആർഡിഒ പദ്ധതികൾ
- നാസയുടെ ഹബിള്‍ ടെലിസ്‌കോപ് സ്‌പേസ് ചലഞ്ചില്‍ പങ്കെടുക്കുന്നോ? ഇതാ സുവര്‍ണാവസരം, ചലഞ്ചിന്‍റെ വിശദാംശങ്ങള്‍ അറിയാം
- ഇസ്രോയുടെ പ്രോബ-3 വിക്ഷേപണം വിജയകരം: ലക്ഷ്യം സൂര്യൻ, പഠനം കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിച്ച്
- ഗഗൻയാന്‍ ദൗത്യം: മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ തീവ്ര പരിശീലനത്തിൽ; ആദ്യഘട്ടം വിജയകരം