ഹൈദരാബാദ്:അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ക്രിസ്‌മസ് ആഘോഷവുമായി സുനിത വില്യംസും സഹ ബഹിരാകാശ സഞ്ചാരികളും. ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെയുള്ളവരാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. ക്രിസ്‌മസ് തൊപ്പിയും അലങ്കരിച്ച ക്രിസ്‌മസ് ട്രീയും നാസ പുറത്തുവിട്ട ചിത്രങ്ങളിൽ ദ്യശ്യമാകുന്നുണ്ട്. ഭൂമിയിലുള്ളവർക്കായി ബഹിരാകാശ സഞ്ചാരികൾ ക്രിസ്‌മസ് ആശംസകൾ നേർന്നിട്ടുണ്ട്.
മാസങ്ങളായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും. അടുത്ത വർഷം ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിക്കുന്ന ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് അയക്കാനായിരുന്നു പദ്ധതി. എന്നാൽ ദൗത്യം മാർച്ചിലേക്ക് നീട്ടിയതിനെ തുടർന്ന് ഇരുവരുടെയും മടക്കം വൈകുമെന്ന് നാസ അറിയിച്ചിരുന്നു.
സ്‌പേസ് എക്‌സ് ക്രൂ9 പേടകം ഭൂമിയിൽ നിന്നും തിരിക്കുമ്പോൾ ഇവർക്കാവശ്യമായ വസ്‌തുക്കളും, ഭക്ഷണവും, കൂടാതെ ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കുന്നതിനുള്ള സാധനങ്ങളും സമ്മാനങ്ങളും അയച്ചിരുന്നു. ഇവ ഉപയോഗിച്ചാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ക്രിസ്‌മസ് ആഘോഷങ്ങൾക്കായി അലങ്കരിച്ചത്.
തങ്ങൾ ഏഴ് പേരടങ്ങുന്ന കുടുംബം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ക്രിസ്‌മസ് ആഘോഷിക്കുന്നതായാണ് സുനിത വില്യംസ് വീഡിയോയിൽ പറയുന്നത്. ക്രിസ്‌മസ് ആഘോഷങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്‌ട്ടമുള്ള കാര്യം ഒത്തുചേരലും, ആഘോഷത്തിനായുള്ള തയ്യാറെടുപ്പും അവധിക്കാലവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
ഭൂമിയിൽ നിന്നും അയച്ച ക്രിസ്‌മസ് വിഭവങ്ങൾക്കൊപ്പം വീഡിയോ കോളുകളിലൂടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികൾക്കാവും. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ 6 നാണ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്.
10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടെങ്കിലും പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. സുരക്ഷ വിഷയം കാരണം ഇരുവരെയും തിരികെയെത്തിക്കാനാകാതെ സ്റ്റാർലൈനർ പേടകം പിന്നീട് തനിയെ ഭൂമിയിലേക്ക് മടങ്ങി. തുടർന്നാണ് 5 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയിൽ മടങ്ങിയെത്തുന്ന സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ഇരുവരെയും തിരികെയെത്തിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
Also Read:
- ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും: സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
- സുനിത വില്യംസിന്‍റെ തിരിച്ചുവരവ് ഇനിയും വൈകും: ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ
- 2024ലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍; വരുന്നു 'വിന്‍റര്‍ സോളിസിസ്റ്റ്', രാത്രി 16 മണിക്കൂറും പകല്‍ 8 മണിക്കൂറും
- ആയുധ ഉത്‌പാദന രംഗത്ത് ഇന്ത്യ നേട്ടം കൈവരിച്ച വർഷം: പിനാക മുതൽ ഹൈപ്പർസോണിക് മിസൈൽ വരെ; 2024 ലെ പ്രധാന ഡിആർഡിഒ പദ്ധതികൾ