തിരുവനന്തപുരം: സാമ്പിള്‍ ശേഖരിച്ച് ഒരു മണിക്കൂറില്‍ ഫലമറിയുന്ന ക്ഷയരോഗ നിര്‍ണയ കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. പൂജപ്പുരയിലുള്ള ശ്രീചിത്ര സെന്‍ററിലെ മോളിക്കുലാര്‍ മെഡിസിന്‍ വിഭാഗം ഡോക്‌ടര്‍ അനൂപ് തെക്കുവീട്ടിലിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കിറ്റ് പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. എജി ചിത്ര ഡയഗനോസ്‌റ്റിക് കിറ്റ് എന്ന പേരിലുള്ള പരിശോധന കിറ്റിലൂടെ 500 രൂപ ചിലവില്‍ ക്ഷയരോഗ നിര്‍ണയം സാധ്യമാകും.
സ്വകാര്യ ആശുപത്രികളില്‍ 3000 രൂപ മുതലും സര്‍ക്കാര്‍ ആശുപത്രികളില്‍ 1500 രൂപ മുതലുമാണ് ക്ഷയരോഗ നിര്‍ണയത്തിനായി ഇപ്പോള്‍ ഈടാക്കുന്ന ഫീസ്. കൊവിഡ് വ്യാപനത്തിനിടെ സ്ഥാപിച്ച ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രങ്ങളില്‍ കിറ്റ് പുനര്‍നിര്‍മ്മിക്കാവുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് തദ്ദേശീയമായി വികസിപ്പിച്ചതെന്ന് ഡോ. അനൂപ് തെക്കുവീട്ടില്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
കുറഞ്ഞ ചിലവില്‍ ക്ഷയ രോഗ നിര്‍ണയം ഏറ്റവും വേഗത്തില്‍ സാധിക്കുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടാക്കുന്ന രോഗങ്ങളിലൊന്നാണ് ക്ഷയം. 180 കോടി ക്ഷയ രോഗികളാണ് ലോകത്തുള്ളത്. രാജ്യത്തെ ക്ഷയരോഗികളുടെ എണ്ണത്തില്‍ കൊവിഡിന് ശേഷം 3.6 ശതമാനം വര്‍ധനവുണ്ടായി.
രാജ്യത്ത് ഒരു ലക്ഷം പേരില്‍ 193 പേര്‍ക്കും സംസ്ഥാനത്ത് ഒരു ലക്ഷത്തില്‍ 67 പേര്‍ക്കും ക്ഷയമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് 50-ല്‍ താഴെയാക്കാന്‍ ലോകാരോഗ്യ സംഘടന അടക്കമുള്ള ആരോഗ്യ സംവിധാനങ്ങള്‍ വലിയ പരിശ്രമത്തിലാണ്.
ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സിന്‍റെ പ്രസിഡന്‍റ് നീതി അയോഗ് അംഗവുമായ ഡോ. വികെ സരസ്വത് കിറ്റ് ദേശീയ തലത്തില്‍ അവതരിപ്പിച്ചു. ക്ഷയരോഗ നിര്‍ണയ കിറ്റിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ അഗപ്പെ ഡയഗനോസ്‌റ്റിക്‌സിനാണ് സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള കരാര്‍ നൽകിയിട്ടുള്ളത്.