ഹൈദരാബാദ്: അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള ഇലോൺ മസ്‌ക്കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകം ഇന്ന്(സെപ്‌റ്റംബർ 28) വിക്ഷേപിക്കും. രണ്ട് യാത്രികരുമായാണ് പേടകം വിക്ഷേപിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10:47 ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപണം.
പേടകത്തിന്‍റെ വിക്ഷേപണം സെപ്‌റ്റംബർ 26ന് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഹെലൻ ചുഴലിക്കാറ്റ് കാരണം വിക്ഷേപിക്കാനായില്ല. തുടർന്ന് സെപ്‌റ്റംബർ 28നേക്ക് മാറ്റിവെക്കുകയായിരുന്നു. ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും രക്ഷാദൗത്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 മിഷൻ.
ക്രൂ-9 ദൗത്യം:
നാസ ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്‌സാണ്ടർ ഗോർബുനോവ് എന്നിനരെയാണ് പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. ഇവർ 5 മാസം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരും. തുടർന്ന് 2025 ഫെബ്രുവരിയിൽ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും പേടകത്തിൽ തിരികെയെത്തിക്കും. സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ആകെ നാല് സീറ്റുകളാണ് ഉള്ളത്. ഇതിൽ രണ്ട് സീറ്റുകൾ സുനിതയ്‌ക്കും വിൽമോറിനുമായി ഒഴിച്ചിടും.