ഹൈദരാബാദ്: രാജ്യത്തെ ആദ്യത്തെ ഓപ്പൺ സോഴ്‌സ് എഐ മോഡലായ സർവം 1 എൽഎൽഎം (Sarvam 1 LLM) പുറത്തിറക്കി. മലയാളം, തമിഴ്, തെലുഗു, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ബംഗാളി, ഗുജറാത്തി, മറാത്തി, ഒറിയ, പഞ്ചാബി എന്നിവയുൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിലാണ് അവതരിപ്പിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സർവം എഐ ആണ് ഈ മൾട്ടിലിംഗ്വൽ എഐ മോഡൽ പുറത്തിറക്കിയത്.
ഇന്ത്യൻ ഭാഷകളിൽ പരിശീലിപ്പിച്ച മറ്റ് എഐ മോഡലുകളേക്കാൾ നാലിരട്ടി വരെ കാര്യക്ഷമതയുള്ളതാണ് സർവം എഐ മോഡൽ. ബഹുഭാഷാ ജോലികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചെയ്യുന്നതിന് സർവം 1 എൽഎൽഎം സഹായിക്കും. എൻവിഡിയയുടെ H100 ടെൻസർ കോർ ജിപിയുകളിൽ ഇഷ്‌ടാനുസൃത ടോക്കനൈസർ ഉപയോഗിച്ച് 4 ട്രില്യൺ ടോക്കണുകളിൽ പരിശീലിപ്പിച്ച 2 ബില്യൺ പാരാമീറ്റർ മോഡലാണ് സർവം 1.
ഇന്ത്യൻ ഭാഷകളിൽ ഉയർന്ന നിലവാരമുള്ള ഡാറ്റയുടെ കുറവ് പരിഹരിക്കുന്നതിനായി, സർവം എഐ അതിൻ്റെ ഡാറ്റാസെറ്റുകൾ നിർമ്മിക്കുന്നതിന് സിന്തറ്റിക് ഡാറ്റ ജനറേഷൻ രീതികൾ ഉപയോഗിച്ചിരിക്കുന്നത്. ഇൻഡിക് ഭാഷകൾക്ക് വേണ്ടി എഐ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് ഹഗ്ഗിങ് ഫേസിൽ ലഭ്യമായ സർവം എഐയുടെ അടിസ്ഥാന മോഡൽ ഉപയോഗിക്കാനാകും.
മെറ്റാ ചീഫ് എഐ സയൻ്റിസ്റ്റ് യാൻ ലെകൺ 'ബിൽഡ് വിത്ത് എഐ ഉച്ചകോടി'യിൽ (മെറ്റ) 2023 ഡിസംബറിലാണ് സർവം എഐ രാജ്യത്തെ ആദ്യ ഹിന്ദി എൽഎൽഎം ആയ ഓപ്പൺ ഹാത്തി ലോഞ്ച് ചെയ്യുന്നത്. 2024 ഓഗസ്റ്റിൽ കമ്പനി അതിന്‍റെ അടിസ്ഥാന എഐ മോഡലായ സർവ്വം 2B അവതരിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ അടുത്തിടെ നടന്ന എഐ ഉച്ചകോടിയിൽ സർവം എഐയെക്കുറിച്ച് മെറ്റ പറഞ്ഞിരുന്നു. പരിമിതമായ വിഭവങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഭാഷകൾക്കായി എഐ മോഡൽ സൃഷ്‌ട്ടിക്കുമെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്.
Also Read: വിമാനയാത്രയിൽ സൗജന്യ ഇന്‍റർനെറ്റ്: സ്റ്റാർലിങ്ക് കണക്‌റ്റിവിറ്റിയുമായി ഖത്തർ എയർവേയ്‌സ്