കേരളം

kerala

ETV Bharat / technology

റഷ്യൻ കോടതി ഗൂഗിളിന് വിധിച്ച പിഴ കേട്ടോ...കേട്ടു കേൾവി പോലുമില്ലാത്ത അത്രയും ഭീമൻ തുക

ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളർ പിഴ വിധിച്ച് റഷ്യൻ കോടതി. റഷ്യൻ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.

GOOGLE FINE  GOOGLE  ഗൂഗിൾ പിഴ  ഗൂഗിൾ
Representational image (Photo: AP)

By ETV Bharat Tech Team

Published : Nov 2, 2024, 3:40 PM IST

ഗൂഗിളിന് ഭീമൻ തുക പിഴ വിധിച്ച് റഷ്യൻ കോടതി. ഇതുവരെ കേട്ടു കേൾവി പോലുമില്ലാത്ത 20 ഡെസിലിയൺ ഡോളറാണ് ($ 20,000,000,000,000,000,000,000,000,000,000,000) പിഴയിട്ടിരിക്കുന്നത്. റഷ്യൻ സർക്കാറിനെ പിന്തുണയ്‌ക്കുന്ന ചാനലുകൾക്ക് യൂട്യൂബ് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്നാണ് പിഴ വിധിച്ചത്.

ലോകത്തെ മുഴുവൻ ജിഡിപിയേക്കാളും വലിയ തുകയാണ് ഇത്. ഈ തുകയെ ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ, വീണ്ടും 84 കൊണ്ട് ഗുണിക്കേണ്ടി വരും. അത്രയും വലിയ പിഴത്തുകയാണ് റഷ്യൻ കോടതി വിധിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ പണവും കൂട്ടിവച്ചാൽ പോലും ഗൂഗിളിന് ഈ പിഴത്തുക അടക്കാനാവില്ല.

നിശ്ചിത കാലയളവിനുള്ളിൽ നിയന്ത്രണമേർപ്പെടുത്തിയ ചാനലുകൾ യൂട്യൂബ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ദിവസങ്ങൾ കൂടുന്നതിനനുസരിച്ച് പിഴത്തുക ഇരട്ടിയാകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. പ്രക്ഷേപണ നിയമങ്ങളുമായി ബന്ധപ്പെട്ട് റഷ്യൻ മാധ്യമങ്ങളും ഗൂഗിളും തമ്മിൽ ഏറെക്കാലമായി അസ്വാരസ്യങ്ങളുണ്ട്.

പിഴ ചുമത്തിയതിന് പിന്നിലെ കാരണമെന്ത്?

റഷ്യ-യുക്രെയ്‌ൻ യുദ്ധം കാരണം റഷ്യൻ സർക്കാർ മാധ്യമങ്ങളെ ഗൂഗിൾ നിരോധിച്ചതായാണ് റിപ്പോർട്ടുകൾ. മറ്റ് ചില മാധ്യമ സ്ഥാപനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവരുടെ വാർത്തകൾ ഗൂഗിളിൽ കാണിച്ചിരുന്നില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ഥാപനങ്ങളുടെ വിലക്ക് നീക്കാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്ന് റഷ്യ അറിയിച്ചു.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ മാധ്യമങ്ങൾ ഇടപെട്ടുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ആരോപിച്ചിരുന്നു. റഷ്യ ടുഡേ, എഎൻഒ ഡയലോഗ് എന്നീ മാധ്യമങ്ങൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ യൂട്യൂബും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെന്നായിരുന്നു റഷ്യൻ മാധ്യമ ഏജൻസിയായ ഫോർബ്‌സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്‌തത്.

ഗൂഗിളിന്‍റെ മറുപടി:

റഷ്യൻ കോടതി വിധിച്ച പിഴത്തുക അടക്കില്ലെന്നും നിയമപരമായ സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്നുമാണ് ഗൂഗിളിന്‍റെ പ്രസ്‌താവനയിൽ പറയുന്നത്.

Also Read: പേഴ്‌സണൽ ചാറ്റുകൾ വേറെ, ബിസിനസ് ചാറ്റുകൾ വേറെ: വാട്‌സ്‌ആപ്പ് ചാറ്റുകളെ ഇഷ്‌ടാനുസരണം ലിസ്റ്റുകളാക്കി വേർതിരിക്കാം; പുതിയ ഫീച്ചർ

ABOUT THE AUTHOR

...view details