വാഷിങ്‌ടൺ:ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചില ജോലികൾ ഇല്ലാതാക്കുകയും പുതിയവ സൃഷ്‌ടിക്കുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡാലസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കവെ എഐയുടെ വരവ് ജോലികൾ ഇല്ലാതാക്കുമോ എന്ന അവരുടെ ആശങ്കയ്‌ക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ലോക്‌സഭ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുൽഗാന്ധി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്‌താൽ അത് തൊഴിലവസരങ്ങൾ സൃഷ്‌ട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പുതിയ സാങ്കേതികവിദ്യ വരുമ്പോൾ ജോലി ഇല്ലാതാകുമെന്ന വാദം പലപ്പോഴും ഉയർന്നു വരാറുണ്ട്. കമ്പ്യൂട്ടറും, കാൽക്കുലേറ്ററും, എടിഎമ്മും വന്നപ്പോൾ അത് ജോലി ഇല്ലാതാകുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ എല്ലാ ജോലികളും അപ്രത്യക്ഷമാകുമെന്ന് ഞാൻ കരുതുന്നില്ല. ചില ജോലികൾ മാത്രമേ ഇല്ലാതാകുന്നുള്ളൂ. അതേസമയം പല മേഖലകളിലുമായി വ്യത്യസ്‌ത തരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. ഇത് ഒരുപാട് പേർക്ക് പ്രയോജനപ്പെട്ടേക്കാം. ചിലവർക്ക് പ്രയോജനപ്പെടാതെയുമിരിക്കാം." രാഹുൽ ഗാന്ധി പറഞ്ഞതിങ്ങനെ.
എഐ കാരണം ഇന്ത്യയിലെ ഐടി വ്യവസായത്തിന് ഗുരുതര പ്രശ്‌നമുണ്ടാകുമെന്നും എന്നാൽ ബജാജ് സ്‌കൂട്ടർ വ്യവസായത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനർത്ഥം ചില മേഖലയിൽ ജോലികൾ അപ്രത്യക്ഷമാകുമ്പോൾ ചില മേഖലയെ ബാധിക്കില്ലെന്നാണ്. ചില ജോലികൾ പുതിയതായി വന്നേക്കാം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനാവുമെങ്കിൽ അത് നിങ്ങൾക്ക് ഒരു വലിയ അവസരമാണെന്നും, നിങ്ങൾ ശരിയായ ദിശയിൽ അല്ലെങ്കിൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.