ഹൈദരാബാദ്: പ്രസാർഭാരതിയുടെ ഔദ്യോഗിക ഒടിടി പ്ലാറ്റ്‌ഫോമായ വേവ്‌സ് അവതരിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെ 12-ഓളം ഇന്ത്യൻ ഭാഷകളിൽ വേവ്‌സ് ലഭ്യമാകും. ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചനച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഉദ്‌ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് പുതിയ ഒടിടി അവതരിപ്പിച്ചത്.
ലൈവ് ടിവി, വാർത്തകൾ, ഡോക്യുമെന്‍ററികൾ, ഗെയിമുകൾ, വീഡിയോ ഓൺ ഡിമാൻഡ്, റേഡിയോ സ്‌ട്രീമിങ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ സേവനങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ദൂരദർശനിൽ മുൻപ് പ്രക്ഷേപണം ചെയ്‌തിരുന്ന ശക്തിമാൻ, രാമായണം, മഹാഭാരതം, ഹം ലോദ് തുടങ്ങിയ സീരിയലുകൾ ആയിരിക്കും വേവ്‌സിലൂടെ നിലവിൽ സംപ്രേക്ഷണം ചെയ്യുക. ഇതിനു പുറമെ പ്രധാന മന്ത്രിയുടെ 'മൻ കി ബാത്ത്' പരിപാടിയും അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല ആരതി തുടങ്ങിയ ലൈവ് പരിപാടികളും സംപ്രേക്ഷണം ചെയ്യും.