സിംഗപ്പൂർ: സന്ദർശനത്തിന്‍റെ രണ്ടാം ദിവസം സിംഗപ്പൂരിലെ എഇഎം ഹോൾഡിങ് ലിമിറ്റഡിന്‍റെ സെമികണ്ടക്‌ടർ സൗകര്യങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന് ഒപ്പമായിരുന്നു മോദിയുടെ സന്ദർശനം. സെമികണ്ടക്‌ടർ നിർമാണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹവർത്തിത്വം ഊട്ടിയുറപ്പിക്കുന്നതിന് സഹായിക്കുന്നതാണ് സന്ദർശനം എന്നാണ് വിലയിരുത്തൽ.
മോദിയുടെ സെമികണ്ടക്‌ടർ വ്യവസായ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര സാധ്യതകളുമായി ബന്ധപ്പെട്ട് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സെമികണ്ടക്‌ടർ സൗകര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിംഗപ്പൂരിലെ സർവ്വകലാശാലകൾ സെമികണ്ടക്‌ടർ മേഖലയിൽ വിവിധ കോഴ്‌സുകൾ വികസിപ്പിച്ചിട്ടുണ്ട്.
സിംഗപ്പൂരിലെ വേഫർ ഫാബ് പാർക്കുകൾ എന്നറിയപ്പെടുന്ന സെമികണ്ടക്‌ടർ വ്യവസായ പാർക്കുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലടക്കം നൈപുണ്യം നേടിയവർ സിംഗപ്പൂരിലുണ്ട്. സെമികണ്ടക്‌ടർ വ്യവസായം ഭാവിയിൽ ഇന്ത്യയിലും അവസരങ്ങൾ തീർക്കും.
സിംഗപ്പൂരിലെ സെമികണ്ടക്‌ടർ മേഖലയിലെ പ്രധാന കമ്പനികൾ:
- ഐസി ഡിസൈൻ മേഖലയിൽ: മീഡിയടെക്, റിയൽടെക്, ക്വാൽകോം, ബ്രോഡ്കോം, മാക്‌സ്‌ലീനിയർ, എഎംഡി
- അസംബ്ലി, പാക്കേജിംഗ്, ടെസ്റ്റിങ് മേഖലയിൽ: എഎസ്‌ഇ ഗ്രൂപ്പ്, യൂടാക്, എസ്‌ടിഎടിഎസ് ചിപ്പ്പാക്ക്, സിലിസിൻ ബോക്‌സ്
- വേഫർ ഫാബ്രിക്കേഷൻ: ഗ്ലോബൽ ഫൗണ്ടറീസ്, യുഎംസി, സിൽട്രോണിക്, മൈക്രോൺ
- ഉപകരണങ്ങളും അസംസ്‌കൃത വസ്‌തുക്കളും ഉത്പാദിപ്പിക്കുന്ന മേഖലയിൽ: സോയ്‌ടെക്, അപ്ലൈഡ് മെറ്റീരിയൽസ്