ന്യൂഡല്‍ഹി : സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ വർധിക്കുകയാണ്. സൈബർ കുറ്റവാളികൾ ഒരു ചെറിയ അവസരം പോലും വിട്ടുകളയുന്നില്ല. ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോൺ ഉള്ളവരെല്ലാം ഇന്‍റര്‍നെറ്റുമായി ബന്ധിതരാണ്. എല്ലാവരും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുമാണ്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന പല സൈബർ കുറ്റകൃത്യങ്ങളും വാട്‌സാപ്പ് കേന്ദ്രീകരിച്ചാണ്.
വാട്‌സാപ്പിലൂടെയുള്ള സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശം പുറത്തിറക്കിയിരിക്കുകയാണ് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് (ബിപിആർഡി). മിസ് കോളുകൾ വഴിയാണ് തട്ടിപ്പ് സംഘങ്ങൾ ഇരകളെ കണ്ടെത്തുന്നതെന്ന് ബിപിആർഡി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
മിസ് കോളിലൂടെ തട്ടിപ്പ്: പരിചയമില്ലാത്ത നമ്പറാണെങ്കിലും പലരും ചാടിക്കയറി എടുക്കും. ഇത്തരത്തിൽ തട്ടിപ്പ് സംഘങ്ങൾ വാട്ട്സാപ്പിൽ സജീവമായവരെ കണ്ടെത്തുന്നു. മിസ് കോളിലൂടെ ഇരകളെ ലക്ഷ്യമിട്ട് കഴിഞ്ഞാകും പലവിധ മാർഗങ്ങളിലൂടെ അവരെ തട്ടിപ്പിന് വിധേയരാക്കാൻ ശ്രമിക്കുക.
+254, +63, +1(218) എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് പല മിസ് കോളുകളും വരുന്നത്. വിയറ്റ്‌നാം, കെനിയ, എത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ നമ്പറുകളാണിവയെന്ന് ബിപിആർഡി കണ്ടെത്തി. അതിനാല്‍ ഇത്തരം നമ്പറുകളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് ബിപിആർഡിയുടെ മുന്നറിയിപ്പ്.