ഇന്ത്യൻ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന അന്താരാഷ്ട്ര സ്‌പാം കോളുകളെ തിരിച്ചറിയുന്നതിനും തടയുന്നതിനും പുതിയ സ്‌പാം ട്രാക്കിങ് സംവിധാനവുമായി സർക്കാർ. 'ഇൻ്റർനാഷണൽ ഇൻകമിങ് സ്‌കാം കോൾ പ്രിവൻഷൻ സിസ്റ്റം' എന്ന പുതിയ സംവിധാനത്തിന്‍റെ പ്രവർത്തനം ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച ഫലം ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരിച്ചറിഞ്ഞ 1.35 കോടി അന്താരാഷ്ട്ര ഇൻകമിങ് സ്‌പാം കോളുകളിൽ 90 ശതമാനവും ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ചുള്ളതാണെന്നാണ് കണ്ടെത്തൽ.
സ്‌പാം ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ടെലികോം സേവന ദാതാക്കൾക്ക് ഇത്തരം സ്‌പാം കോളുകൾ തടയാനായിട്ടുണ്ട്. രാജ്യത്ത് സുരക്ഷിതമായ ഡിജിറ്റൽ ഇടം കെട്ടിപ്പടുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമമാണിതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഇന്ത്യയിലെ കോളിങ് കോഡായ +91 ഉപയോഗിച്ച് അന്താരാഷ്‌ട്ര സൈബർ കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കോളുകളായി തോന്നുമെങ്കിലും കോളിങ് ലൈൻ ഐഡന്‍റിഫിക്കേഷൻ ഉപയോഗിച്ച് നോക്കിയാൽ അന്താരാഷ്ട്ര മൊബൈൽ നമ്പറാണെന്ന് മനസിലാക്കാനാകും. ഇത്തരം സ്‌കാം കോളുകൾ കൂടുതലായും വരുന്നത് സാമ്പത്തിക തട്ടിപ്പുകൾക്കായിരിക്കും.