ഏഴ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂർത്തിയാക്കി തിരികെ ഭൂമിയിലെത്തി. ഫ്ലോറിഡയിലെ പെൻസക്കോള തീരത്താണ് സ്‌പേസ് എക്‌സ് ക്രൂ-8 ഡ്രാഗൺ പേടകം സുരക്ഷിത ലാൻഡിങ് നടത്തിയത്. നാല് ബഹിരാകാശ സഞ്ചാരികളുമായാണ് സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചത്.
വെള്ളിയാഴ്‌ചയാണ് പേടകം ഭൂമിയിലിറങ്ങിയത്. റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികനായ ഗ്രെബെൻകിനോടൊപ്പം നാസയുടെ ബഹിരാകാശയാത്രികരായ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്, ജീനറ്റ് എപ്‌സ് എന്നിവരാണ് സ്‌പേസ് എക്‌സ് ക്രൂ-8 ദൗത്യത്തിന്‍റെ ഭാഗമായത്. കഴിഞ്ഞ മാർച്ചിലാണ് സ്‌പേസ് എക്‌സ് ക്രൂ-8 ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
പേടകം നേരത്തെ തന്നെ തിരികെ മടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിന്‍റെ തകറാർ മൂലം സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നത് കണക്കിലെടുത്ത് മടങ്ങിവരവ് വൈകിക്കുകയായിരുന്നു. പിന്നീട് ഒക്‌ടോബറിൽ തിരിച്ചുവരുമെന്ന് അറിയിച്ചിരുന്നെങ്കിലും മിൽട്ടൺ കൊടുങ്കാറ്റ് കാരണം വീണ്ടും വൈകുകയായിരുന്നു.