ഹൈദരാബാദ്: ഒരു വർഷം മുമ്പാണ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സുമായി മത്സരിക്കാൻ മെറ്റയുടെ ത്രെഡ്‌സ് ആരംഭിച്ചത്. വളരെ പെട്ടന്നാണ് ത്രെഡ്‌സ് പ്ലാറ്റ്‌ഫോം ജനപ്രീതി നേടിയത്. തുടർന്ന് ജനങ്ങളെ ത്രെഡ്‌സിലേക്ക് ആകർഷിക്കാനായി കൂടുതൽ പ്രവർത്തനങ്ങൾ ചേർക്കാൻ മെറ്റ ആരംഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളും റീലുകളും നേരിട്ട് ത്രെഡ്‌സിലേക്ക് പോസ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അനുവദിക്കാനിരിക്കുകയാണ് ഇപ്പോൾ.
മെറ്റയുടെ ആപ്പുകൾക്കിടയിൽ കണ്ടന്‍റുകൾ പരമാവധി പങ്കിടുന്നത് ലക്ഷ്യമിട്ടാകും പുതിയ ഫീച്ചർ വരുന്നത്. ഇൻസ്റ്റാഗ്രാം റീലുകളും പോസ്റ്റുകളും നേരിട്ട് ത്രെഡ്‌സിലേക്ക് പങ്കിടാൻ സാധിക്കുന്ന ഫീച്ചറാണ് വരാനിരിക്കുന്നത്. പ്രശസ്‌ത ഡെവലപ്പർ അലസ്സാൻഡ്രോ പാലൂസി പറയുന്നതനുസരിച്ച് ത്രെഡ്‌സിന്‍റെ ഡ്രോപ്പ്-ഡൗൺ മെനുവിൽ നിലവിലുള്ള ജിഫുകൾ (GIF), വോയ്‌സുകൾ, വോട്ടിങ് ഓപ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പമാണ് പുതിയ ഇൻസ്റ്റാഗ്രാം ഓപ്ഷൻ നൽകിയിരിക്കുന്നത്.