കൊച്ചി :സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ വികസന പ്രവർത്തനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുരോഗതിയുടെ പാതയിലേക്ക്. ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ് എട്ട് വർഷം പിന്നിടുമ്പോഴും പദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തിൻ്റെ ഐ.ടി. വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ സ്‌മാര്‍ട്ട്‌സിറ്റി ലക്ഷ്യത്തിൽ എത്താൻ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്.
അതേസമയം സ്‌മാര്‍ട്ട് സിറ്റിയിൽ നിർമ്മാണം പൂർത്തിയായ പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐ.ടി. പാർക്കിന് കേന്ദ്ര സർക്കാരിൻ്റെ നോൺ പ്രോസസ്സിംഗ് സോൺ ക്ലിയറൻസ് ലഭിച്ചത് പദ്ധതിക്ക് കരുത്തുപകരും.വൻകിട ബഹുരാഷ്ട്ര കമ്പനികൾ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമാകാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേക സാമ്പത്തിക മേഖലാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നോൺ-സെസ് വിഭാഗത്തിന് കീഴിലുള്ള സൈബർ ഗ്രീൻ പ്രൊജക്റ്റിനായി പ്രസ്റ്റീജ് ഗ്രൂപ്പിന് വാണിജ്യ മന്ത്രാലയത്തിൻ്റെ ബോർഡ് ഓഫ് അപ്രൂവലാണ് ലഭിച്ചത്.
നിലവിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കമ്പനികൾക്ക് ഇത് പ്രചോദനമാകും. ഒരു ആഗോള കൺസൾട്ടൻസി സ്ഥാപനം പ്രസ്റ്റീജ് പ്രോപ്പർട്ടിയുടെ മുഴുവൻ ടവറും എടുക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്. നിരവധി മൾട്ടി നാഷണൽ കമ്പനികൾ സ്‌മാര്‍ട്ട് സിറ്റിയിൽ സ്ഥലം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് ലഭ്യമായ വിവരം.
ഒരു ബഹുരാഷ്ട്ര കനേഡിയൻ കമ്പനിയും സ്‌മാര്‍ട്ട് സിറ്റിയിൽ നാല് ഏക്കർ സ്ഥലമെടുത്തു. സ്‌മാര്‍ട്ട് സിറ്റിയുടെ കാക്കനാട്ടെ 246 ഏക്കർ ഭൂമിയിൽ നിർമ്മിച്ച രണ്ട് കെട്ടിടങ്ങളിലായി നാല്‍പ്പതോളം കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എല്ലാം കൂടി സ്‌മാര്‍ട്ട് സിറ്റി പദ്ധതിയിൽ പത്ത് വർഷത്തിനുള്ളിൽ വാഗ്‌ദാനം ചെയ്‌ത തൊഴിലവസരങ്ങളുടെ പത്ത് ശതമാനം പോലും യാഥാർഥ്യമായിട്ടില്ലെന്നതാണ് വസ്തുത.
90,000 തൊഴിലവസരങ്ങൾ, 88 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങൾ, ആഗോള ഐടി കമ്പനികൾ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം എന്നിവയൊന്നും എങ്ങുമെത്തിയിട്ടില്ല. പ്രത്യേക സാമ്പത്തിക മേഖല പദവി(SEZ) നൽകിയാണ് ടീകോം കമ്പനിക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിന് 246 എക്കർ ഭൂമി 99 വർഷത്തേക്ക് നൽകിയത്. ഇതിൽ 60 ശതമാനം ഭാഗത്തും ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണമെന്നതാണ് കരാറിലെ വ്യവസ്ഥ.