സൂര്യന്‍റെ കൊറോണയെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നുമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്‌എൽവി സി59 റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ന്(ഡിസംബർ 5) വൈകുന്നേരം 4.04ന് ആയിരുന്നു വിക്ഷേപണം.
രണ്ട് പേടകങ്ങളെ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന പ്രത്യേകത കൂടി പ്രോബ 3 ദൗത്യത്തിനുണ്ട്. 550 കിലോ ഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും ഐഎസ്‌ആർഒ കൊമേഴ്‌ഷ്യൽ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെയും നേതൃത്വത്തിലാണ് ദൗത്യം. ഓക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളെയാണ് പ്രോബ-3 ദൗത്യത്തിൽ പഠനത്തിനായി അയച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും തുടർന്ന് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം ലക്ഷ്യമിടുന്നത്. ഇതിനായാണ് രണ്ട് ഉപഗ്രഹങ്ങളെ അയച്ചത്.
സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാൻ ഉചിതം സൂര്യഗ്രഹണ സമയമായതിനാൽ രണ്ട് പേടകങ്ങൾ കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കും. ഇതിനായി ഒരു പേടകത്തിന് മുന്നിൽ അടുത്ത പേടകം സ്ഥാപിക്കും. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം ദൃശ്യമാകും. തുടർന്ന് നടത്തുന്ന പഠനം സൂര്യനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിൽ നിർണായകമായിരിക്കും.