ബെംഗളൂരു: ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികൾ വരുന്നതോടെ ഗവേഷണം വേഗത്തിലാക്കാൻ സഹായകമാവുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ്. ഐഎസ്ആർഒയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനി സാങ്കേതികവിദ്യയിൽ മിക്ക രാജ്യങ്ങളേക്കാളും കൂടുതൽ സംഭാവന നൽകിയിട്ടുണ്ടെന്ന് നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനും മറ്റും സ്വകാര്യ കമ്പനികളെ കൂടി ഉൾപ്പെടുത്തുന്ന അമേരിക്കൻ രീതി ഇന്ത്യയിലും പിന്തുടരാമെന്നും എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശ ദൗത്യത്തെ എളുപ്പത്തിൽ പ്രാപ്യമാക്കുന്നതിലും, പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും സ്വകാര്യ കമ്പനികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.