ഹൈദരാബാദ്: ഇന്ന്(ഫെബ്രുവരി 11) ശാസ്ത്ര മേഖലയിലെ വനിതകൾക്കായി അന്താരാഷ്ട്ര ദിനം. വളരെ വിശാലമായ ശാസ്‌ത്ര മേഖലയിൽ ഒരു ശാസ്ത്രജ്ഞ അല്ലെങ്കിൽ ശാസ്‌ത്രജ്ഞൻ ആവുക എന്നത് പലരുടെയും സ്വപ്‌നമായിരിക്കും. ഇന്നത്തെ കാലത്ത് അത് നേടിയെടുക്കുക എന്നത് എളുപ്പമാണെങ്കിലും മുൻപ് അങ്ങനെയായിരുന്നില്ല. പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബുദ്ധിമുട്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രോത്സാഹനമില്ലായ്‌മയും ദാരിദ്രവും കാരണം സ്വപ്‌നങ്ങൾ തകർന്നു പോയ ഒരുപാട് പെൺകുട്ടികൾ ഉണ്ടായിരിക്കും. എന്നാൽ എല്ലാ പ്രശ്‌നങ്ങളോടും പൊരുതി സ്വപ്‌നങ്ങൾ യാഥാർത്ഥമാക്കിയ നിരവധി സ്‌ത്രീകളുണ്ട്. ശാസ്‌ത്രമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌ത്രീകൾക്കുമായാണ് അന്താരാഷ്‌ട്ര തലത്തിൽ ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്.
ഈ ദിനത്തിന്‍റെ ലക്ഷ്യമെന്ത്?
വനിതാ ശാസ്ത്രജ്ഞർക്ക് തുല്യ പരിഗണന നൽകുന്നതിനും, അവഗണന ഉൾപ്പെടെയുള്ള അവരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിനുമാണ് ശാസ്ത്ര മേഖലയിലെ വനിതകൾക്കായി ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശാസ്ത്ര മേഖലയിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുക എന്നത് കൂടിയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.
ശാസ്‌ത്ര മേഖലയിൽ ഇന്ന് നിരവധി വനിതകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ മേഖലയിൽ വിപ്ലവം സൃഷ്‌ട്ടിച്ചവരിൽ വനിതകളുമുണ്ട്. ശാസ്‌ത്ര മേഖലയിൽ ആഗോളതലത്തിൽ പുരോഗതി കൈവരിക്കുന്നതിന് ഇന്ത്യയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിലേക്ക് നയിച്ചവരിൽ വനിത ശാസ്‌ത്രജ്ഞരുമുണ്ട്. വളരെ വിശാലമായ ശാസ്‌ത്ര മേഖലയിൽ ആരോഗ്യം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ഉൾപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായുള്ള വളരെ വെല്ലുവിളി നിറഞ്ഞ സുസ്ഥിര വികസന അജണ്ടയിൽ വനിതാ ശാസ്ത്രജ്ഞരുടെ സ്വാധീനം വളരെ വലുതാണ്. അത്തരം മേഖലകളിൽ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ഈ ദിവസം നമ്മെ ഓർമപ്പെടുത്തുന്നു. ശാസ്ത്രം, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ശാസ്‌ത്ര മേഖലകളിൽ(STEM) തൊഴിൽ ചെയ്യുന്നവരിൽ മൂന്നിലൊന്നിലും കുറവാണ് സ്‌ത്രീ സാന്നിധ്യം. മിക്ക ശാസ്ത്ര സാങ്കേതിക മേഖലകളിലും ലിംഗപരമായ അസമത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് വനിത ശാസ്ത്രജ്ഞർക്ക് ഗവേഷണ ഗ്രാന്‍റുകൾ പൊതുവെ കുറവാണ് ലഭിക്കുന്നത്. മാത്രമല്ല, ഉയർന്ന പ്രൊഫൈൽ ജേണലുകളിൽ സ്‌ത്രീ പ്രാതിനിധ്യം വളരെ കുറവുമാണ്.
ശാസ്ത്ര മേഖലയിലെ വനിതകൾക്കായുള്ള ദിനത്തിന്‍റെ ചരിത്രം:2015ലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ശാസ്ത്ര മേഖലയിലെ വനിതകൾക്കായി ഒരു അന്താരാഷ്‌ട്ര ദിനം വേണമെന്ന് തീരുമാനിക്കുന്നത്. ഫെബ്രുവരി 11 ആണ് ഇതിനായി തെരഞ്ഞെടുത്തത്. പിന്നീട് എല്ലാ വർഷവും ഫെബ്രുവരി 11 ശാസ്ത്ര മേഖലയിലെ വനിതകൾക്കായുള്ള അന്താരാഷ്‌ട്ര ദിനമായി ആചരിക്കുന്നു.
ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ശാസ്‌ത്ര മേഖലകൾ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇപ്പോഴും മിക്ക രാജ്യങ്ങളും ഈ മേഖലകളിൽ ലിംഗസമത്വം നേടിയിട്ടില്ല. സമീപ വർഷങ്ങളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, STEM മേഖലകളിലേക്ക് പെൺകുട്ടികൾ കടന്നുവരുന്നത് ആൺകുട്ടികളെ അപേക്ഷിച്ച് കുറവാണ്. ഇന്നുവരെ, ശാസ്ത്ര വിഭാഗത്തിൽ 22 സ്ത്രീകൾക്ക് മാത്രമേ നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ളൂ.
ശാസ്ത്ര മേഖലയിൽ തിളങ്ങിയ ഇന്ത്യൻ വനിതകൾ:
സീത കോൾമാൻ-കമ്മുല: ശാസ്ത്ര മേഖലയിലെ മുൻനിര വനിതകളിൽ ഒരാളാണ് രസതന്ത്രജ്ഞയും, പരിസ്ഥിതി പ്രവർത്തകയും, സംരംഭകയുമായ സീത കോൾമാൻ-കമ്മുല. 'സിംപ്ലി സസ്റ്റെയിൻ' എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ഇവർ. പരിസ്ഥിതി സൗഹൃദമായ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടാണ് ഈ സംഘടന മുന്നോട്ടുപോകുന്നത്.