ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് (INSAT-3DS) ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 (GLSV F14) റോക്കറ്റില്‍ വൈകുന്നേരം 5:35നാണ് ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. ജിഎസ്‌എല്‍വിയുടെ സഹായത്തോടെ ഐഎസ്‌ആര്‍ഒ നടത്തുന്ന പതിനാറാമത്തെ വിക്ഷേപണമാണിത്.
കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത നേടിയെടുക്കുക എന്നതാണ് ഇൻസാറ്റ്-3ഡിഎസിന്‍റെ വിക്ഷേപണത്തിലൂടെയുള്ള പ്രധാന ലക്ഷ്യം. കൂടാതെ, പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതിലും കാലാവസ്ഥ നിരീക്ഷണത്തിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 2014, 2016 വര്‍ശഷങ്ങളില്‍ വിക്ഷേപിച്ച ഇൻസാറ്റ് - 3ഡി (INSAT-3D), ഇൻസാറ്റ് - 3ഡിആര്‍ (INSAT-3DR) എന്നിവയുടെ പിൻഗാമികൂടിയാണ് ഇന്ന് വിക്ഷേപണത്തിനൊരുങ്ങുന്ന ഉപഗ്രഹം.