ഹൈദരാബാദ് : ഹൈദരാബാദില്‍ വാട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് കോളുകളിലൂടെയാണ് കൂടുതലായും തട്ടിപ്പ് നടക്കുന്നത്. പാര്‍ട്ടൈം ജോലികളിലൂടെ വന്‍തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. പണം കവരുന്നതോടൊപ്പം തട്ടിപ്പുകാര്‍ ഫേക്ക് പോണ്‍ വീഡിയോകളിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവുമുണ്ട്.
വിദേശ നമ്പരുകളില്‍ നിന്നാണ് തട്ടിപ്പുകാര്‍ വിളിക്കുക. +60 (മലേഷ്യ), +62 (ഇന്തോനേഷ്യ), +251 (എത്യോപ്യ), +254 (കെനിയ) തുടങ്ങിയ വിദേശ നമ്പറുകളിൽ നിന്ന് രാജ്യത്തുടനീളമുള്ള പല മെട്രോ നഗരങ്ങളിലേക്കും ഇത്തരം കോളുകൾ വരുന്നതായി വിദഗ്‌ധർ കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിനിരയാകാതിരിക്കാന്‍ ചെയ്യേണ്ടത് :
തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ടെലികോം വകുപ്പും (ഡിഒടി) തെലങ്കാന സ്റ്റേറ്റ് സൈബർ സെക്യൂരിറ്റി ബ്യൂറോയും (ടിഎസ്‌സിഎസ്ബി) ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അജ്ഞാത വിദേശ നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതിരിക്കുകയാണ് നല്ലതെന്ന് ടിഎസ്‌സിഎസ്ബി മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം കോളുകൾ ലഭിച്ചാലുടൻ ആ നമ്പറുകൾ ബ്ലോക്ക് ചെയ്യാനും അധികൃതര്‍ നിര്‍ദേശിക്കുന്നു. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പുകൾ കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുന്നതും സുരക്ഷ നല്‍കും. ഡിഒടിയുടെ കീഴിലുള്ള 'സഞ്ചാർ സതി' പോർട്ടലിൽ 'റിപ്പോർട്ട് ഇൻകമിങ് ഇന്‍റർനാഷണൽ കോൾ വിത്ത് ഇന്ത്യൻ നമ്പർ (REQUIN)' ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം കോളുകൾ ലഭിച്ചവര്‍ക്ക് പോർട്ടലിൽ പോയി പരാതി നൽകാം. ഡിഒടി ഈ നമ്പറുകള്‍ പിന്നീട് നിരീക്ഷിക്കും.
വിദേശത്ത് കുറച്ച് ദിവസത്തേക്ക് തങ്ങുന്ന ആളുകൾക്ക് ചില സിം കമ്പനികള്‍ താത്കാലിക വിദേശ നമ്പറുകൾ അനുവദിക്കുന്നത് ക്രിമിനൽ സംഘങ്ങൾ മുതലെടുക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ താത്കാലിക നമ്പരുകൾ ഉപയോഗിച്ച് വാട്‌സ്ആപ്പ് രജിസ്‌റ്റര്‍ ചെയ്‌ത ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. സിം ഉപയോഗിച്ചില്ലെങ്കിലും വാട്‌സ്ആപ്പ് പ്രവർത്തിക്കാൻ സാധിക്കുമെന്നത് തട്ടിപ്പുകാര്‍ക്ക് കോൾ സ്‌പൂഫ് നടത്താന്‍ സൗകര്യമാകുന്നു.
സോഫ്റ്റ്‌വെയർ കോളുകൾ
സോഫ്റ്റ്‌വെയർ അധിഷ്‌ഠിത ടൂളുകൾ ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് സൈബർ സുരക്ഷ വിദഗ്‌ധരുടെ കണ്ടെത്തല്‍. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനത്ത് നിന്നുള്ള സംഘങ്ങളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ കോളുകൾക്ക് മറുപടി നൽകുന്നത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷിൽ വിദേശ ഉച്ചാരണമുണ്ടാകാറില്ലെന്നും പൊലീസ് പറയുന്നു. ഇത് കണക്കിലെടുത്താണ് തട്ടിപ്പിന് പിന്നില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന നിഗമനത്തിലെത്തിയത്.