കേരളം

kerala

ETV Bharat / technology

ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് കടമെടുത്ത് പണി കിട്ടിയോ? കടക്കെണിയിലാക്കുന്ന ആപ്പുകളെ എങ്ങനെ തിരിച്ചറിയാം? - TRUSTED ONLINE LOAN APPS

ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും കടമെടുക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ലോൺ എടുക്കുന്നതിന് മുൻപ് ഇത്തരം ആപ്പുകളിലെ ചതിക്കുഴിയെ കുറിച്ച് അറിഞ്ഞിരിക്കുക. ലോൺ ആപ്പുകളുടെ പ്രവർത്തനം എങ്ങനെയാണെന്നും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചതി എന്താണെന്നും ഇത്തരം ലോൺ ആപ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും ചുവടെ നൽകിയിരിക്കുന്നു.

Online loan apps  Digital loan apps  ഓൺലൈൻ ലോൺ ആപ്പുകൾ  ഡിജിറ്റൽ ലോൺ തട്ടിപ്പ്
Representative image (ETV Bharat)

By ETV Bharat Tech Team

Published : Sep 5, 2024, 10:20 AM IST

ഹൈദരാബാദ്: വേണ്ടതെന്തും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ തട്ടിപ്പുകളും അത്ര തന്നെ ഏറെയാണ്. അത്യാവശ്യ സമയങ്ങളിൽ സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും പണം വാങ്ങുന്നതിന് പകരം ഇന്ന് പലരും വായ്‌പയ്‌ക്കായി ഓൺലൈൻ ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. അവ അംഗീകൃത ലോൺ ആപ്പുകളാണോ എന്ന് പോലും പരിശോധിക്കാതെയാണ് പലരും ലോൺ എടുക്കുന്നത്. ആർബിഐ അംഗീകാരമില്ലാത്ത ബാങ്കുകളിൽ നിന്നും ലോണെടുക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം.

ലോൺ പ്രോസസറുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?

ലോണുകൾക്കായി നിങ്ങൾ ഓൺലൈനിൽ തെരയുകയാണെങ്കിൽ ലോണുമായി ബന്ധപ്പെട്ട പരസ്യങ്ങൾ തന്നെ നിങ്ങൾക്ക് വരാൻ തുടങ്ങും. ചിലപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് പരസ്യങ്ങൾ വരും. ഇവയിൽ അംഗീകൃത ആപ്പുകളും അനധികൃത ആപ്പുകളും ഉണ്ടായിരിക്കും. ഇതിൽ അംഗീകാരമില്ലാത്ത ആപ്പുകൾ തെരഞ്ഞെടുത്താൽ ഭാവിയിൽ നിങ്ങൾക്ക് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് ശേഷം എന്ത് സംഭവിക്കുന്നു?

ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവർ നിങ്ങളുടെ വിവരങ്ങളെടുക്കാൻ അനുമതി ആവശ്യപ്പെടുന്നു. നിങ്ങളുടെ ഫോൺ നമ്പറുകൾ, ഗാലറി, എസ്‌എംഎസ്, കോൾ റെക്കോർഡ് മുതലായവ ആയിരിക്കും ആവശ്യപ്പെടുക. ഈ വിവരങ്ങൾക്ക് അനുമതി നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ലോൺ ലഭിക്കുമ്പോഴേക്കും നിങ്ങളുടെ ഫോൺ വിവരങ്ങളിലേക്ക് ആപ്പിന് ആക്‌സസ് ലഭിക്കും.

ലോൺ എടുത്തതിന് ശേഷം സംഭവിക്കുന്നത്:

നിങ്ങൾ 5,000 രൂപ വായ്‌പയെടുക്കുകയാണെങ്കിൽ പ്രോസസിങ് ഫീ ഉൾപ്പെടെയുള്ള വിവിധ ചാർജുകൾ കുറച്ചതിന് ശേഷം 3,500 രൂപ മുതൽ 4,000 രൂപ വരെ ആയിരിക്കും നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക. വായ്‌പ തിരിച്ചടയ്ക്കാൻ പരമാവധി കുറച്ച് ദിവസങ്ങൾ ആയിരിക്കും അനുവദിക്കുക. ഈ ദിവസങ്ങളിൽ പലിശ ദിനംപ്രതി വർധിക്കും. സമയപരിധി അവസാനിക്കുമ്പോൾ 10,000 രൂപ വരെ തിരികെ നൽകണമെന്ന് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും.

നിങ്ങൾ ഭയന്നാലോ പ്രതികരിച്ചില്ലെങ്കിലോ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് അവർ ഇതിനകം ശേഖരിച്ച ഫോൺ നമ്പറുകളിലേക്ക് അധിക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കാൻ ആരംഭിക്കും. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും സന്ദേശങ്ങൾ അയയ്ക്കും. ഇത് നിങ്ങളെ സമ്മർദ്ദത്തിലാക്കും. ഗാലറിയിൽ ഉള്ള ഫോട്ടോകൾ അയക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവങ്ങൾ വരെയുണ്ട്.

ഇത്തരം കെണിയിൽ കുടുങ്ങിയാൽ എന്ത് ചെയ്യും?

ഇത്തരത്തിലുള്ള കടക്കെണിയിൽ കുടുങ്ങിയാൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ പരാതികൾ കേന്ദ്ര സർക്കാരിന്‍റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിൻ്റെ https://cybercrime.gov.in/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ സംസ്ഥാന സൈബർ ക്രൈം പൊലീസിൽ നേരിട്ട് നൽകുകയോ ചെയ്യാം. കെണിയിൽ പെട്ടെന്ന് മനസിലായാൽ തട്ടിപ്പുകാർ പറയുന്നത് പോലെ വീണ്ടും പണം അയച്ചു കൊടുക്കരുത്. സുഹൃത്തുക്കൾ അറിഞ്ഞാൽ അത് നാണക്കേടായി കണക്കാക്കേണ്ടതില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ ആർക്കും ഉണ്ടാകാം.

അംഗീകൃത ലോൺ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം?

ലോൺ ആപ്പുകൾ കണ്ടെത്തുന്നതിന് ഇതുവരെ വ്യക്തമായ നടപടിക്രമങ്ങളൊന്നുമില്ല. പരിചിതമല്ലാത്ത ആപ്പുകളിലേക്ക് പോകുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വായ്‌പ തട്ടിപ്പ് നടത്തുന്ന ഡിജിറ്റൽ ആപ്പുകൾ കണ്ടെത്തുന്നതിന് കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇതിനകം തന്നെ ചില ചൈനീസ് ലോൺ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പബ്ലിക് റിപ്പോസിറ്ററി എന്ന പേരിൽ ക്രെഡിറ്റ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം നിർമിക്കുന്ന പണിപ്പുരയിലാണ് ആർബിഐ. ആർബിഐ ഡയറക്‌ടർ ശക്തി കാന്ദ ദാസ് ഓഗസ്റ്റ് മാസത്തെ ധനനയത്തിൽ ഇത് പരാമർശിച്ചിരുന്നു. പദ്ധതി പ്രവർത്തനക്ഷമമാകുമ്പോൾ, അംഗീകൃത ക്രെഡിറ്റ് പ്രോസസറുകൾ ഏതാണെന്ന് ജനങ്ങൾക്ക് വിശദീകരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • പരിചിതമല്ലാത്ത, ഇൻസ്റ്റന്‍റ് വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്ന, ഉയർന്ന പലിശ നിരക്കുകൾ ആവശ്യപ്പെടുന്ന ഒരു ആപ്പിൽ നിന്നും ലോൺ എടുക്കരുത്.
  • ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത ആപ്പ് ആണോ എന്ന് പരിശോധിക്കുക
  • ലോണെടുക്കുന്നതിന് മുൻപ് ആപ്പിൻ്റെ നിബന്ധനകളും വ്യവസ്ഥകളും , പലിശ നിരക്കുകളും, തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളും വായിക്കുക.

Also Read: ജീവനെടുത്ത് ഓൺലൈൻ ലോൺ ആപ്പ് ; എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു

ABOUT THE AUTHOR

...view details