തിരുവനന്തപുരം: നാഷണല്‍ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും ഇ-ഗവര്‍ണൻസ് ഡിവിഷനും (എൻഇജിഡി) ചേര്‍ന്ന് കേരള സ്‌റ്റേറ്റ് ഐടി മിഷനുമായി (കെഎസ്ഐടിഎം) സഹകരിച്ച് സൈബര്‍ സുരക്ഷാ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കേരള സർക്കാരിന്‍റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ (സിഐഎസ്ഒ), ഡെപ്യൂട്ടി സിഐഎസ്ഒമാർ, ടെക്‌നിക്കൽ ഉദ്യോഗസ്ഥര്‍ എന്നിവർക്കായാണ് ത്രിദിന സൈബർ സുരക്ഷാ വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്.
2024 നവംബർ 12 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കുന്ന ശില്‍പശാലയിൽ വിവിധ സംസ്ഥാന വകുപ്പുകളിൽ നിന്നുള്ള നൂറിലധികം പേർ പങ്കെടുത്തു. കെഎസ്ഐടിഎം ഡയറക്‌ടര്‍ സന്ദീപ് കുമാറാണ് ശില്‍പശാല ഉദ്ഘാടനം ചെയ്‌തത്. കേരളത്തിന്‍റെ ഡിജിറ്റൽ മേഖല സംരക്ഷിക്കുന്നതിൽ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെപറ്റി അദ്ദേഹം സംസാരിച്ചു. ഡിജിറ്റല്‍ സംവിധാനം വികസിക്കുന്നതിനനുസരിച്ച് സൈബര്‍ സുരക്ഷയും ഡാറ്റാ സ്വകാര്യതയും വര്‍ധിപ്പിക്കേണ്ടതുണ്ട്. കേരളത്തിലുടനീളമുള്ള സർക്കാർ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സംരക്ഷിക്കുന്നതില്‍ സൈബർ സുരക്ഷയുടെ പ്രാധാന്യം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശില്‍പശാലയിലെ പ്രധാന ലക്ഷ്യങ്ങള്‍:
1. സൈബറിടത്തെ അപകടങ്ങള്‍: സൈബർ മേഖലയിലെ പ്രധാന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ കൈകൊള്ളുകയാണ് പ്രധാന ലക്ഷ്യം.
2. സൈബര്‍ റെസിലിയൻസ് ഇക്കോസിസ്‌റ്റം: സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്‍റെ (എഐ) പങ്കിനെപറ്റി കൂടുതല്‍ പഠിക്കുക.
3. സൈബര്‍ സുരക്ഷാ കേന്ദ്രം: സംസ്ഥാനതല ഇ-ഗവേര്‍ണൻസ് സംവിധാനം സംരക്ഷിക്കുന്നതില്‍ 'സുരക്ഷാ കേന്ദ്ര' എന്ന സംവിധാനത്തിന്‍റെ പ്രാധാന്യം.
4. ഡാറ്റാ സംരക്ഷണം: ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ (ഡിപിഡിപി ആക്ട് 2023), ആപ്ലിക്കേഷൻ, എൻഡ് പോയിന്‍റ് സുരക്ഷ എന്നിവയെപറ്റിയുള്ള അവബോധം.
5. സൈബർ ക്രൈസിസ് മാനേജ്മെന്‍റ് പ്ലാനുകൾ (സിസിഎംപി): അടിയന്തര ഘട്ടത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, സൈബർ ക്രൈസിസ് ഫലപ്രദമായി പരിഹരിക്കുക എന്നിവയെപ്പറ്റിയുള്ള ചര്‍ച്ച.
6. ഐഡന്‍റിറ്റി ആൻഡ് ആക്‌സസ് മാനേജ്മെന്‍റ്: സർക്കാർ വകുപ്പുകൾക്കുള്ളിൽ ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമാക്കുന്നതിലെ നിർണായക വെല്ലുവിളികളെപറ്റി മനസിലാക്കുക.
Read Also: ഇന്ത്യയുടെ ലോംഗ്-റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം