ഇന്ത്യയില്‍ ഒരു പൗരന്‍റെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഒരു സിം കാര്‍ഡ് എടുക്കുന്നത് മുതല്‍ വിദേശത്തേക്ക് യാത്രകള്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് അടക്കം ആധാര്‍ കാര്‍ഡ് വേണം. ജീവിതത്തില്‍ പ്രധാനപ്പെട്ട എന്ത് ആവശ്യങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത രേഖയാണിത്.
എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും അവയെ കുറിച്ച് അധികമൊന്നും പലര്‍ക്കും അറിവില്ലെന്നതാണ് വാസ്‌തവം. ചെറിയ കുട്ടികള്‍ അടക്കം എല്ലാവര്‍ക്കുമുള്ള തിരിച്ചറിയല്‍ രേഖയാണിത്. ആധാര്‍ കാര്‍ഡില്‍ ബ്ലൂ ആധാര്‍ എന്ന വിഭാഗമുണ്ട്.
ചിലരെങ്കിലും ബ്ലൂ ആധാര്‍ എന്നത് കേട്ടിരിക്കും. എന്നാല്‍ ഇവയെ കുറിച്ച് കൂടുതലൊന്നും അവര്‍ക്കും അറിവുണ്ടാകില്ല. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ കാര്‍ഡുകളാണ് ബ്ലൂ ആധാര്‍. 2018 മുതലാണ് കുട്ടികള്‍ക്ക് ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്‌തത്. കുട്ടികള്‍ക്കുള്ള ആധാര്‍ കാര്‍ഡ് ആയതുകൊണ്ടുതന്നെ ഇവ ബാല്‍ ആധാര്‍ എന്നും അറിയപ്പെടുന്നുണ്ട്.
സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികള്‍ക്കായി ഇത്തരം ആധാറുകള്‍ സമര്‍പ്പിക്കുന്നത് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായകരമാകും. മുതിര്‍ന്നവരുടെ ആധാറില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് ബാല്‍ ആധാര്‍. ബയോമെട്രിക് രേഖകള്‍ ഉള്‍പ്പെടുത്താതെയാണ് ബ്ലൂ ആധാര്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്.
കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ക്കൊപ്പം മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയാണ് ബ്ലൂ ആധാര്‍ കാര്‍ഡ് എടുക്കുമ്പോള്‍ ചെയ്യുന്നത്. കുട്ടിക്ക് അഞ്ച് വയസ് പൂര്‍ത്തിയായാല്‍ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി കൈവിരലുകളുടെ ബയോമെട്രിക് അടക്കം രേഖപ്പെടുത്തുകയും വേണം. തുടര്‍ന്ന് കുട്ടി വളര്‍ന്ന് വലുതായാല്‍ വീണ്ടും ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അതല്ലെങ്കില്‍ ആധാര്‍ സ്വമേധയാ അസാധുവാകും.
ബ്ലൂ ആധാറിന് ആവശ്യമായ രേഖകള്‍:
- കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്
- നവജാത ശിശുക്കളാണെങ്കില്‍ ആശുപത്രിയിലെ ഡിസ്‌ചാര്‍ജ് സ്ലിപ്പ്
- ശരിയായ മേല്‍ വിലാസം
- മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ്
- കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
ബ്ലൂ ആധാറിന് അപേക്ഷിക്കേണ്ട രീതി:
- uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള ഒപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
- കുട്ടിയുടെ പേരും മാതാപിതാക്കളുടെ വിവരങ്ങളും മൊബൈല്‍ നമ്പറുമെല്ലാം ആവശ്യാനുസരണം പൂരിപ്പിച്ച് നല്‍കുക.
- ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള അപ്പോയിന്‍റ്‌മെന്‍റ് ഒപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങള്‍ എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്ന എൻറോൾമെന്‍റ് സെന്‍റർ തെരഞ്ഞെടുത്ത് ഒരു അപ്പോയിന്‍റ്‌മെന്‍റ് ഷെഡ്യൂള്‍ ചെയ്യുക.
- കുട്ടിയുടെ ജനന തീയതി, റഫറന്‍സ് നമ്പര്‍, മാതാപിതാക്കളുടെ ആധാര്‍ എന്നിവയുമായി ആധാര്‍ കേന്ദ്രത്തില്‍ ഹാജരാവുക.
- കേന്ദ്രത്തിലെത്തിയാല്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആധാര്‍ കൈപ്പറ്റാം.