ഹൈദരാബാദ്: ജനന-മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ. 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) എന്ന ആപ്പ് പുറത്തിറക്കിയത്. രാജ്യത്ത് പൗരന്മാർക്ക് എവിടെ വെച്ചും, ഏത് സമയത്തും ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആപ്പിലൂടെ സാധിക്കും. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും വ്യത്യസ്‌ത ഭാഷകൾ ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
സിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇത് രജിസ്ട്രേഷനുള്ള സമയം കുറയ്ക്കുമെന്നും, നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു. സാങ്കേതികവിദ്യയെ ഭരണസംവിധാനവുമായി സമന്വയിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റൽ ഇന്ത്യ' കാഴ്‌ചപ്പാടിന്‍റെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആപ്പ് ഇന്‍റർഫേസ് വിശദമാക്കുന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ വീഡിയോയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കിട്ടു.
ആപ്പ് വഴി രജിസ്‌ട്രേഷന്‍റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലെഗസി റെക്കോർഡുകളുടെ ഡിജിറ്റലൈസേഷൻ സാധ്യമാക്കാനും കഴിയും. ആപ്പിന്‍റെ പ്രവർത്തനത്തിനും പരിപാലനത്തിനും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നും പോസ്റ്റിൽ പറയുന്നു.