ഹൈദരാബാദ്: ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് പുതിയ സുരക്ഷ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഫോൺ ആരെങ്കിലും കവർന്നാൽ ഫോണിലെ വിവരങ്ങൾ സുരക്ഷിതമാക്കുന്ന രീതിയിലുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തെഫ്‌റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണ് പുതിയ സുരക്ഷ ഫീച്ചറുകൾ. ഇതോടെ നമ്മുടെ ഫോൺ ആരെങ്കിലും മോഷ്‌ടിച്ചാൽ, ഫോണിലെ വിലപ്പെട്ട വിവരങ്ങൾ ചോർത്തുമോയെന്ന ആശങ്കയ്‌ക്ക് പരിഹാരമാവും.
പുതിയ സംവിധാനത്തിന്‍റെ പ്രവർത്തനം:
ഫോൺ മോഷ്‌ടിക്കപ്പെട്ടാൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ ഓട്ടോമാറ്റിക് ആയി ലോക്ക് ചെയ്യപ്പെടുന്ന സംവിധാനമാണ് ഇത്. ഫോൺ ലോക്ക് ആവുന്നതിനാൽ തന്നെ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ എടുക്കാൻ മോഷ്‌ടിച്ചയാൾക്ക് സാധിക്കില്ല. നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തീർച്ചയായും സുരക്ഷിതമായിരിക്കും.
തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ഫീച്ചർ:
നിങ്ങളുടെ കയ്യിൽ നിന്ന് ആരെങ്കിലും ഫോൺ തട്ടിയെടുത്ത് ഓടിയാൽ ഗൂഗിൾ എഐ ഉപയോഗിച്ച് അവരുടെ ചലനങ്ങളിൽ നിന്നും മോഷണമാണെന്ന് കണ്ടെത്തും. ഇവിടെയാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കിന്‍റെ പ്രവർത്തനം. മോഷണമാണെന്ന് മനസിലാക്കുന്ന ഉടൻ തന്നെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ഫീച്ചർ വഴി ഫോൺ ഓട്ടോമാറ്റിക് ആയി ലോക്ക് ആവും. ഇത് മോഷ്‌ടാവിനെ നിങ്ങളുടെ ഫോണിലെ വിവരങ്ങളിലേക്ക് കടക്കുന്നതിൽ നിന്ന് തടയും.
ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്:
നടന്നത് മോഷണമാണെന്ന് തിരിച്ചറിയുന്നതിൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പരാജയപ്പെട്ടാൽ, പേടിക്കേണ്ടതില്ല. ഓഫ്‌ലൈൻ ഡിവൈസ് ലോക്കും റിമോട്ട് ലോക്കും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കും. മോഷണം നടന്നത് തിരിച്ചറിയാൻ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് സംവിധാനം വഴി സാധ്യമായില്ലെങ്കിലും, ഫോണിലെ ഇന്‍റർനെറ്റ് സൗകര്യം ദീർഘകാലം വിച്ഛേദിച്ച് കിടന്നാൽ ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ഫോണിന്‍റെ സ്‌ക്രീൻ ലോക്ക് ചെയ്യും. ഫോണിലെ ലോക്കുകൾ പല തവണ തുറക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ തന്നെ മോഷണം നടന്നതായി മനസിലാക്കാനാകും.