ഫ്ലോറിഡ:സ്വകാര്യ ബഹിരാകാശ യാത്രയിൽ ചരിത്രം കുറിക്കാൻ സ്‌പേസ് എക്‌സിന്‍റെ പൊളാരിസ് ദൗത്യം. നാല് യാത്രികരുമായി ഇന്നലെ (സെപ്‌റ്റംബർ 10) വിക്ഷേപിച്ച പേടകം ഭൂമിയുടെ ആറ് ഭ്രമണപഥങ്ങൾ പൂർത്തിയാക്കി. കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ വെച്ച് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.
വ്യവസായിയായ ജാരെഡ് ഐസാക്‌മാനും, യുഎസ് വ്യോമസേനയിൽ നിന്ന് വിരമിച്ച ലഫ്‌റ്റനന്‍റ് കേണൽ സ്‌കോട്ട് കിഡ് പൊറ്റീറ്റ്, എഞ്ചിനീയർമാരായ സാറ ഗില്ലിസ്, അന്ന മേനോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പൊളാരിസ് ദൗത്യത്തിൽ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ബഹിരാകാശ രംഗത്ത് സ്വകാര്യ വ്യക്തികൾ യാത്ര നടത്തുന്നതോടെ ഇത് ഒരു ചരിത്ര നേട്ടമാകും. ജാരെഡ് ഐസാക്‌മാൻ തന്നെയാണ് യാത്രയുടെ ചെലവ് വഹിക്കുന്നത്. 1400 കീലോ മീറ്റർ ഉയരത്തിൽ പേടകം സഞ്ചരിക്കുമെന്നാണ് വിവരം. അഞ്ച് ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ച ശേഷമാവും മടക്കം. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശത്ത് സഞ്ചരിക്കുന്നത് പൊളാരിസ് ദൗത്യത്തിലായിരിക്കും.