കാസർകോട്: നിങ്ങളുടെ അടുത്ത് ഒരു അലർജി രോഗി ഗുരുതരാവസ്ഥയിൽ ആയെന്നു കരുതുക. ആ രോഗിക്ക് തന്‍റെ രോഗാവസ്ഥ പറയാൻ കഴിഞ്ഞില്ലെങ്കിലും അയാളുടെ സ്‌മാർട്ട് വാച്ച് അലർട്ട് തരും. ഇതിനായി മനുഷ്യ ശരീരത്തിലെ അലർജി സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന സ്‌മാർട്ട് വാച്ചിൽ ഉപയോഗിക്കാവുന്ന ‘അലർട്ട്’ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഒരു വിദ്യാർഥിനി.
തിരുവനന്തപുരത്ത് കോളജ് ഓഫ് ആർക്കിടെക്‌ചർ ബാച്‌ലർ ഓഫ് ഡിസൈൻ ബിരുദധാരിയായ ആയിഷ ഫസലുറഹ്മാൻ ആണ് അലർട്ട് ആപ്ലിക്കേഷൻ രൂപകൽപന ചെയ്‌തിരിക്കുന്നത്. നിരവധി ഡോക്‌ടർമാരുടെ നിർദേശങ്ങൾ സ്വീകരിച്ച് അതിനെക്കുറിച്ച് പഠിച്ചാണ് ആപ്പ് തയ്യാറാക്കിയത്. അപസ്‌മാരം, ആസ്ത്മ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഇത് പ്രയോജനകരമാകും. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള സ്‌മാർട്ട് വാച്ച് ധരിച്ചാൽ രോഗിക്ക് അരികിൽ ഉള്ളവർക്ക് അലർട്ട് കേൾക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്.
കഴിക്കാൻ പാടില്ലാത്ത മരുന്നുകളുടെ കുറിപ്പടി കൈവശം വയ്‌ക്കേണ്ട ബുദ്ധിമുട്ട് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ ഒഴിവാക്കാം.
അലർജിയുള്ളവർ അപകടത്തിലോ മറ്റു അവസരങ്ങളിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ഇവരെ പരിശോധിക്കുന്ന മെഡിക്കൽ സംഘത്തിന് അലർജി സംബന്ധമായ വിവരങ്ങൾ വാച്ചിലെ ആപ്പ് വഴി അറിയാൻ കഴിയും. അപസ്‌മാരം, പ്രമേഹം പോലുള്ള ആരോഗ്യസ്ഥിതി കൈകാര്യം ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്താം.
ഉദാഹരണത്തിന്, ഒരു അലർജി രോഗിക്ക് പെട്ടന്ന് രോഗമുണ്ടായാൽ അയാൾക്ക് സമീപത്ത് നിൽക്കുന്നവരോട് ഒന്നും പറയാൻ സാധിച്ചെന്ന് വരില്ല. ഈ സമയം സ്‌മാർട്ട് വാച്ചിലെ ആപ്പ് അലർട്ട് തരും. അലർജിയുടെ ഇഞ്ചക്ഷൻ എടുക്കുന്നവരാണെങ്കിൽ മരുന്ന് എങ്ങനെ കുത്തിവെയ്‌ക്കണമെന്ന് സമീപത്തുള്ളവർക്ക് ആപ്പ് നിർദേശം നൽകുകയും ചെയ്യും. കൂടാതെ അലർജിയുള്ളവർക്ക് എല്ലാ മരുന്നുകളും കഴിക്കാൻ പറ്റാത്തതിനാൽ തന്നെ, കഴിക്കാൻ പറ്റാത്ത മരുന്നുകളുടെ കുറിപ്പടി എല്ലായ്‌പ്പോഴും കയ്യിൽ കരുതേണ്ടി വരാറുണ്ട്.
പെട്ടന്ന് എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ച് അലർജി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും, രോഗിക്ക് തന്‍റെ അവസ്ഥയെ കുറിച്ച് പറയാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സന്ദർഭങ്ങളിൽ രോഗിയുടെ അവസ്ഥയെ കുറിച്ചും, ഏതെല്ലാം മരുന്നുകളാണ് കഴിക്കുന്നതെന്നും, കഴിക്കാൻ പറ്റാത്ത മരുന്നുകൾ ഏതെല്ലാമാണെന്നും വരെ സ്‌മാർട്ട് വാച്ചിലുള്ള ഈ അലർട്ട് ആപ്പ് വിവരങ്ങൾ നൽകും. അതിനാൽ തന്നെ ചികിത്സ സമയത്തും മറ്റും ഡോക്‌ടർമാർക്കും ആപ്പ് പരിശോധിച്ച് രോഗിയുടെ അലർജി തിരിച്ചറിയാൻ സാധിക്കും.