ശാരീരിക വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകളുമായി ആപ്പിള്‍. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്‌റ്റിക്‌സ് എന്നീ ഫീച്ചറുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. ബുധനാഴ്‌ചയാണ് (മെയ് 15) കമ്പനി ഇക്കാര്യം അറിയിച്ചത്. ഫോണില്‍ ടച്ച് ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് ഇനി അതെല്ലാം കണ്ണ് കൊണ്ട് നിയന്ത്രിക്കാനാകും.
ഐ ഫോണിലും ഐ പാഡിലുമാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുക. 'തങ്ങള്‍ സാങ്കേതിക വിദ്യയുടെ അതിര്‍വരമ്പുകള്‍ കടന്ന് മുന്നേറുകയാണെന്ന്' ആപ്പില്‍ സിഇഒ ടിം കുക്ക് പറഞ്ഞു. ഞങ്ങളുടെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും സുഖകരമായ രീതിയില്‍ ആക്‌സസറീസ് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ കമ്പനി ഒരുക്കി നല്‍കുന്നത്. കേള്‍വി കുറവ് ഉള്ളവര്‍ക്കായാണ് മ്യൂസിക് ഹാപ്‌റ്റിക്‌സ് എന്ന ഫീച്ചര്‍ കൊണ്ടുവരുന്നത്.
ഫോണിലെ ടാപ്‌റ്റിക് എഞ്ചിൻ ഉപയോഗിച്ച് സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ഈ ഫീച്ചര്‍ അവതരിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്‌ടാനുസരണം മ്യൂസിക് നിര്‍മിക്കാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ഐ ട്രാക്കിങ്ങിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ കണ്ണുകൾ കൊണ്ട് ഐപാഡും ഐഫോണും നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനായി ഒരു ബിൽറ്റ്-ഇൻ ഓപ്ഷനാണ് ആപ്പിള്‍ നൽകുക. ഫോണ്‍ കണ്ണ് കൊണ്ട് സുഗമമായി നിയന്ത്രിക്കാന്‍ വേണ്ട മുഴുവന്‍ സജ്ജീകരണങ്ങളും അതില്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ രണ്ട് ഫീച്ചറുകളും അവതരിപ്പിക്കാന്‍ അധിക ഹാർഡ്‌വെയറോ ആക്‌സസറിസുകളുടെയോ ആവശ്യമില്ല. ഫോണിലെ സ്വൈപ്പുകളും മറ്റും നിയന്ത്രിക്കാന്‍ പ്രത്യേക ആംഗ്യങ്ങള്‍ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.
മ്യൂസിക് ഹാപ്‌റ്റിക്‌സ്: കേള്‍വി കുറവുള്ളവര്‍ക്ക് ഉപയോഗിക്കാനാകും വിധമുള്ള ഫീച്ചറുകള്‍ വളരെ വ്യത്യസ്‌ത രീതിയിലാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. മ്യൂസിക് ആസ്വാദനത്തിനായാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ഫോണിലെ ടാപ്‌റ്റിക് എഞ്ചിന്‍ പ്രവര്‍ത്തിച്ച് വൈബ്രേഷനും ടാപുകള്‍ ടെക്‌ച്ചറുകളുമാകും.
Also Read:സാംസങ് ഗ്യാലക്‌സി എസ് 23 എഫ്‌ഇ വെറും 33,999 രൂപയ്‌ക്ക്; വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് - Flipkart Offer For Galaxy S23 FE
മ്യൂസിക്കിന് അനുസരിച്ചായിരിക്കും ടാപ്‌റ്റിക് എഞ്ചിന്‍റെ പ്രവര്‍ത്തനം. ഇതിനായി മില്യണ്‍ കണക്കിന് പാട്ടുകളാണ് ആപ്പിള്‍ മ്യൂസിക് കാറ്റലോഗില്‍ ലഭ്യമാക്കുക. ലിസൻ ഫോർ എടിപിക്കൽ സ്‌പീച്ച് എന്നൊരു ഫീച്ചര്‍ കൂടി കമ്പനി ഇതിനൊപ്പം സജ്ജമാക്കും. സ്‌പീച്ച് റെക്കഗ്നിഷൻ വര്‍ധിപ്പിക്കാനായാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെറിബ്രല്‍ പാള്‍സി, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവ ബാധിച്ചവര്‍ക്കായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അസുഖം കാരണം സംസാര ശേഷി നഷ്‌ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ ഫീച്ചര്‍ സഹായകരമാകും. അതിനുള്ള തെറാപ്പി നല്‍കല്‍ കൂടിയാണിത്.