കോഴിക്കോട്: എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന തച്ചണ്ണ മൈത്ര സ്വദേശി മിഥുൻ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്.
അരീക്കോട് ഭാഗത്തുനിന്നും എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും എടവണ്ണപ്പാറയിൽ നിന്നും അരീക്കോട് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷയിൽ കുടുങ്ങിപ്പോയ മിഥുനെയും മറ്റൊരു യാത്രക്കാരനെയും നാട്ടുകാർ ചേർന്നാണ് പുറത്തെത്തിച്ചത്.