കേരളം

kerala

ETV Bharat / state

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; 24കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു - KAAPA Arrest - KAAPA ARREST

കഴിഞ്ഞ വർഷം കാപ്പ ചുമത്തി ഇയാളെ ആറുമാസം ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ പ്രതി വീണ്ടും വധശ്രമ കേസിൽ അറസ്റ്റിലായി.

KAAPA ACT  YOUTH CHARGED WITH KAAPA  യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു  CRIMINAL CASE ACCUSED KAAPA ARREST
KAAPA Arrest (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 8:51 AM IST

പത്തനംതിട്ട:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം ജയിലിലടച്ചു. ഏറത്ത് അറുകാലിക്കൽ പടിഞ്ഞാറ് കുതിരമുക്ക് ഉടയാൻവിള കിഴേക്കതിൽ വീട്ടിൽ കെ ശ്യാംകുമാറിനെ (24) ആണ് കാപ്പ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) നിയമ പ്രകാരം അറസ്റ്റ് ചെയ്‌ത് ഒരു വർഷത്തേക്ക് ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി വി അജിത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്‌ടർ പ്രേം കൃഷ്‌ണൻ ആണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂർ, കൊടുമൺ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം, മോഷണം തുടങ്ങിയ പത്തോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് കെ ശ്യാംകുമാർ. കഴിഞ്ഞ വർഷം ഇയാളെ കാപ്പ ചുമത്തി ആറുമാസം ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ പ്രതി, കാപ്പ നടപടിപ്രകാരം ജയിലിലടക്കപ്പെട്ട സഹോദരങ്ങളായ അടൂർ ഇളമണ്ണൂർ മാരൂർ സൂര്യ ലാലിന്‍റെയും ചന്ദ്രലാലിന്‍റെയും വീട്ടിൽ വച്ച് കണ്ണൂർ കേളകം സ്വദേശിയായ മറ്റൊരു കാപ്പ കേസ് പ്രതി ജെറിൽ പി ജോർജ്ജിനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി. ജനുവരി 18നാണ് ഈ കേസിൽ ശ്യാംകുമാർ അറസ്റ്റിലായത്.

കഴിഞ്ഞ വർഷം കാപ്പ നടപടികൾക്ക് വിധേയരായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികൾ പരസ്‌പരം പരിചയപ്പെടുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിന്‍റെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികളായ വിഷ്‌ണു വിജയനും, ശ്യാംകുമാറും, കാർത്തിക്കും ചേർന്ന് ജെറിലിനെ ക്രൂരമായി മർദിക്കുകയും ബ്ലേഡ് കൊണ്ട് ദേഹം മുഴുവൻ മുറിവേൽപ്പിക്കുകയും ആയിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവന്ന ഇയാൾ മെയ് പത്തിനാണ് ജയിൽ മോചിതനായത്.

തുടർന്ന് ഒളിവിൽ പോയ ഇയാളെ ജില്ലാ കലക്‌ടറുടെ കാപ്പ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു.
ഇയാളെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ഒരു വർഷത്തേക്കാണ് പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ പ്രത്യേക കാപ്പ സെല്ലിൽ പാർപ്പിക്കുക.

വിഷ്‌ണു വിജയനെ മെയ് ആദ്യം കാപ്പ പ്രകാരം കരുതൽ തടങ്കലിലടച്ചിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ആർ രാജീവ്, എസ്ഐ എം പ്രശാന്ത്, എസ്‌സിപിഒമാരായ സൂരജ്, ശ്യാം കുമാർ, അൻസാജു, നിസാർ എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾ സ്വീകരിച്ചത്.

അതേസമയം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. അടൂർ പൊലീസ് സ്റ്റേഷനിൽ മാത്രം അടുത്തകാലത്തായി ഇരുപത്തിയഞ്ചോളം ക്രിമിനലുകൾക്കെതിരെ കാപ്പ നടപടികൾ സ്വീകരിച്ചതായും ജില്ലയിൽ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്‌ക്ക് ക്രിമിനൽ പശ്ചാത്തലം; മൊബൈൽ ഉപയോഗിക്കാത്തത് പ്രതിസന്ധിയായെന്നും പൊലീസ്

ABOUT THE AUTHOR

...view details