തിരുവനന്തപുരം:ഇന്ന് ലോക എയ്‌ഡ്‌സ് ദിനം. 1988 മുതലാണ് ഡിസംബർ ഒന്ന് എയ്‌ഡ്‌സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക, എച്ച്ഐവി പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം ആളുകളില്‍ സൃഷ്‌ടിക്കുക എന്നതാണ് എയ്‌ഡ്‌സ് ദിനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. 'അവകാശങ്ങളുടെ പാത സ്വീകരിക്കൂ' (Take the rights path) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്‌ഡ്‌സ് ദിന സന്ദേശം.
ലോക രാജ്യങ്ങളെല്ലാം 2030 ആകുമ്പോഴേക്കും എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ്. എച്ച്ഐവി അണുബാധ ഇല്ലാതാക്കുക എന്നത് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ 2030ന് മുന്‍പ് തന്നെ കേരളം ആ ലക്ഷ്യം നേടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനായി 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 2025 ആകുമ്പോഴേക്കും 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം ശ്രമിക്കുന്നത്.
എന്താണ് 95:95:95 ലക്ഷ്യം ?:ഇതില്‍ ആദ്യത്തെ 95 ലക്ഷ്യമാക്കുന്നത് എച്ച്ഐവി ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ്. രണ്ടാമത്തെ 95 സൂചിപ്പിക്കുന്നത് എച്ച്ഐവി ബാധിതരില്‍ 95 ശതമാനം ആളുകളും എആര്‍ടി ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ്. മൂന്നാമത്തെ 95 കൊണ്ട് അര്‍ഥമാക്കുന്നത് എച്ച്ഐവി ബാധിതരില്‍ 95 ശതമാനം ആളുകളും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ്.
2024ലെ കണക്ക് അനുസരിച്ച് കേരളം രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യം കൈവരിച്ചിരിക്കുന്നു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം കൈവരിച്ചു. 2025 ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനാകും. ഇതിനുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതര്‍:കണക്കുകള്‍ അനുസരിച്ച് ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതര്‍ ഉണ്ട്. 2023ല്‍ 13 ലക്ഷം ആളുകള്‍ പുതുതായി എച്ച്ഐവി ബാധിതരായി. ഇന്ത്യയില്‍ 25.44 ലക്ഷം എച്ച്ഐവി ബാധിതരുണ്ടെന്നാണ് കണക്കാക്കുന്നത്. 2023ല്‍ മാത്രം ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്ഐവി സ്ഥിരീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 1263 പേര്‍ക്കാണ് എച്ച്ഐവി അണുബാധ കണ്ടെത്തിയത്. കേരളത്തില്‍ എച്ച്ഐവി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറവാണ്. പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ അത് കേരളത്തില്‍ 0.07 ആണ്.