കേരളം

kerala

ETV Bharat / state

കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകിയില്ല : മനംനൊന്ത് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

കടമായി നൽകിയ 3 ലക്ഷം രൂപയും 35 പവൻ സ്വർണാഭരണങ്ങളും തിരികെ നൽകാത്തതിൽ മനംനൊന്താണ് 54 കാരി ആത്മഹത്യ ചെയ്‌തത്. അയൽവാസിയുടെ കടയുടെ മുൻപിൽ വച്ചാണ് തീ കൊളുത്തിയത്.

Aranmula suicide death  Suicide in Aranmula  Housewife sets fire in Aranmula  Suicide
Woman committed suicide by sets fire in front of neighbors shop died in Aranmula

By ETV Bharat Kerala Team

Published : Mar 17, 2024, 4:29 PM IST

പത്തനംതിട്ട: ആറന്മുളയിൽ കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. വല്ലന രാജാവിലാസം വീട്ടിൽ രജനി (54) ആണ് മരിച്ചത്. കളമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണാഭരണങ്ങളും തിരികെ നൽകുന്നില്ലെന്നാരോപിച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. രജനി പരസ്യമായി അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ചേർന്ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

3 വർഷം മുമ്പാണ് രജനിയുടെ ഭർത്താവ് മരിച്ചത്. ഇതിന് ശേഷം ഇവർ മനോവിഷമത്തിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഈ സമയത്താണ് അയൽവാസിയായ കുഞ്ഞുമോന്‍റെ ബന്ധു പെരിങ്ങാല സ്വദേശി സജീവ് എന്ന ആൾ രജനിയിൽ നിന്ന് 3 ലക്ഷം രൂപയും 35 പവൻ സ്വർണാഭരണങ്ങളും കടമായി വാങ്ങിയത്.

അടുത്തിടെ രജനിക്ക് പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ എഞ്ചിനീയറിങ് വിദ്യാർഥിയായ രജനിയുടെ മകൻ സജീവിനോട് പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് ബന്ധുകളിൽ നിന്നും പണം വാങ്ങിയാണ് മകൻ രജനിയുടെ ചികിത്സ ചെലവ് നടത്തിയത്. സജീവിനെ നിരന്തരം സമീപിച്ച് പണവും സ്വർണാഭരണങ്ങളും തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.

ഇതേ തുടർന്ന് മനോവിഷമത്തിലായ രജനി ശനിയാഴ്‌ച ഉച്ചയ്ക്ക് കുഞ്ഞുമോന്‍റെ വീട്ടിലും കടയിലും എത്തി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഒടുവിൽ കത്ത് എഴുതി വച്ചശേഷം കടയുടെ മുൻപിൽ എത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില വീണ്ടും വഷളായതോടെ പിന്നീട് കളമശ്ശേരിയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also read: കടംവാങ്ങിയ പണവും സ്വര്‍ണവും തിരിച്ചു നൽകിയില്ല; ആത്മഹത്യയ്‌ക്ക് ശ്രമിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ

ABOUT THE AUTHOR

...view details