കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ലോഡ്‌ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവില്വാമല സ്വദേശി അബ്‌ദുള്‍ സനൂഫ് ആണ് പിടിയിലായത്. ഇന്ന് വൈകിട്ടോടെ ചെന്നൈയിലെ ആവഡിയില്‍ വച്ച് പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ കോഴിക്കോട്ട് എത്തിക്കും.
മലപ്പുറം വെട്ടത്തൂർ സ്വദേശിനിയായ ഫസീലയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച രാവിലെ ഇവരെ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ആത്മഹത്യ ആകുമെന്നാണ് പൊലീസ് കരുതിയിരുന്നത്. കൊലപാതകത്തിന്‍റേതായ യാതൊരു തെളിവുകളും അവശേഷിച്ചിരുന്നില്ല.
പിറ്റേദിവസം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തതോടെയാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സനൂഫും ഫസീലയും കഴിഞ്ഞ ഞായറാഴ്‌ച രാത്രി ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. മൂന്ന് ദിവസത്തേക്കാണ് ഇവര്‍ മുറിയെടുത്തത്. തിങ്കളാഴ്‌ച വൈകുന്നേരം സനൂപ് ലോഡ്‌ജ് ജീവനക്കാരോട് പണം കൊണ്ടുവരാം എന്ന് പറഞ്ഞ് കാറുമായി പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് തിരികെ എത്തിയില്ല.
ചൊവ്വാഴ്‌ച രാവിലെ ലോഡ്‌ജ് ജീവനക്കാർ മുറിയിൽ എത്തിനോക്കുമ്പോൾ വാതിൽ പുറമേ നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് പൂട്ടു പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഫസീലയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
സനൂഫിന്‍റെ പേരില്‍ ഫസീല നേരത്തെ പീഡനക്കേസ് നല്‍കിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം കൊലപാതക കാരണമെന്നാണ് നിഗമനം. സനൂഫിനെ കോഴിക്കോട് എത്തിച്ച് കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതകത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ.
Also Read:ലോഡ്‌ജിൽ യുവതിയുടെ മരണം; ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്, പ്രതിക്കായി തിരച്ചിൽ ഊർജിതം