ചെന്നൈ: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്‍റെ ഭാര്യ രമ്യയാണ് (33) മരിച്ചത്. കോയമ്പത്തൂരിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന് പിന്നാലെയാണ് അമ്മയ്‌ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായി. ഇതാണ് യുവതി ജീവനൊടുക്കാന്‍ കാരണമായത്.
ഏപ്രില്‍ 28നാണ് അപ്പാര്‍ട്ട്‌മെന്‍റിലെ ബാല്‍ക്കണിയില്‍ നിന്നും ഭക്ഷണം നല്‍കുന്നതിനിടെ രമ്യയുടെ കൈയില്‍ നിന്നും കുഞ്ഞ് താഴേക്ക് വീണത്. വീഴ്‌ചയില്‍ ഒന്നാം നിലയിലെ പാരപ്പെറ്റില്‍ തങ്ങിയ കുഞ്ഞിനെ 15 മിനിറ്റിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിക്ക് നേരെ സൈബര്‍ ആക്രമണവും രൂക്ഷമായി. രമ്യയുടെ ബന്ധുക്കള്‍ അടക്കം കുറ്റപ്പെടുത്തിയതോടെ മാനസിക പ്രയാസത്തിലായ രമ്യ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പ് മക്കള്‍ക്കൊപ്പം മേട്ടുപ്പാളയത്തെ സ്വന്തം വീട്ടിലെത്തിയ രമ്യ ജീവനൊടുക്കുകയായിരുന്നു.