പത്തനംതിട്ട : ഉൾവനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം പോയ യുവതി വനത്തിൽ കുഴഞ്ഞു വീണു മരിച്ചു. റാന്നി ളാഹ ആനത്തോട് കോളനിയിൽ പൊടിമോന്‍റെ ഭാര്യ ജോനമ്മ (22) ആണ് ഇന്നലെ രാവിലെ 10 മണിക്ക് കുഴഞ്ഞുവീണു മരിച്ചത്. മൃതദേഹം പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തോളിൽ ചുമന്നു പുറത്തെത്തിച്ചു.
രണ്ടാം തിയതിയാണ് പൊടിമോനും ജോനമ്മയും പൊടിമോന്‍റെ അമ്മയും മറ്റു ബന്ധുക്കളും കുട്ടികളും അടങ്ങിയ സംഘം ളാഹ കോളനിയിൽ നിന്നും ഉൾവനത്തിലേക്ക് യാത്ര തിരിച്ചത്. വാസനപ്പൂവ്, കുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
ചാലക്കയത്ത് നിന്നും 5 കിലോമീറ്റർ വനത്തിനുള്ളിൽ സംഘം തങ്ങി. ജോനമ്മ രക്തക്കുറവിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസമായി മരുന്നില്ലാത്തതുകാരണം മുടങ്ങി. വനത്തിനുള്ളിൽ കഴിയവേ, ഇന്നലെ രാവിലെ വയറുവേദന ഉണ്ടാവുകയും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയുമായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പോകാൻ പുറത്തേക്ക് നടക്കുമ്പോൾ വെള്ളം ആവശ്യപ്പെടുകയും വെള്ളം കുടിച്ചയുടനെ കുഴഞ്ഞുവീഴുകയും ചെയ്‌തു. അല്‍പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. വിവരം എസ്‌സിഎസ്‌ടി പ്രൊമോട്ടറെയും പൊലീസിനെയും അറിയിക്കാനായി പൊടിമോൻ ചാലക്കയത്തേക്ക് തിരിച്ചെങ്കിലും വഴിയിൽ കാട്ടാനകളുടെ സാമീപ്യമുണ്ടായതിനാൽ മൂന്നു മണിക്കൂറോളം ഒളിച്ചുകഴിയേണ്ടിവന്നു.