കേരളം

kerala

ETV Bharat / state

മൂന്നാറിൽ ഓട്ടോ കുത്തിമറിച്ച് ഡ്രൈവറെ കൊലപ്പെടുത്തി ഒറ്റയാൻ; രണ്ട് പേർക്ക് പരിക്ക്

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്നാർ വില്ലേജിൽ എൽഡിഎഫ് ഹർത്താൽ, സമരം ശക്തമാക്കി കോൺഗ്രസും.

By ETV Bharat Kerala Team

Published : Feb 27, 2024, 7:39 AM IST

Updated : Feb 27, 2024, 10:58 AM IST

elephant attack  wild elephant killed auto driver  wild elephant attack Munnar Idukki  കാട്ടാന ആക്രമണം  മൂന്നാർ ഇടുക്കി
wild elephant

മൂന്നാറിൽ ഓട്ടോ കുത്തിമറിച്ച് ഡ്രൈവറെ കൊലപ്പെടുത്തി ഒറ്റയാൻ

ഇടുക്കി:മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്നിമല ടോപ് ഡിവിഷൻ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മണിയാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു.

സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മൂന്നാർ വില്ലേജിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. റോഡ് ഉപരോധം അടക്കം ശക്തമായ സമരങ്ങൾക്ക് കോൺഗ്രസും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

തിങ്കളാഴ്‌ച രാത്രി 9.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മൂന്നാറിൽ നിന്ന് കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലേക്ക് പോയ ഓട്ടോറിക്ഷയ്‌ക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. എസ്റ്റേറ്റ് മാനേജർ ബംഗ്ലാവിന് സമീപം നിലയുറപ്പിച്ചിരുന്ന ആന, ഓട്ടോയുടെ ശബ്‌ദം കേട്ട് പാഞ്ഞടുക്കുകയും വാഹനത്തിൽ തുമ്പിക്കൈ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.

വാഹനം ഓടിച്ചിരുന്ന മണി രക്ഷപ്പെടാൻ ശ്രമിയ്‌ക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് കാട്ടാന ഇയാളെ അടിച്ചിട്ടു. ശേഷം സമീപത്തെ ഓടയിലേക്ക് ചുഴറ്റി എറിഞ്ഞു. ഓടയിൽ വീണ മണിയെ അവിടെ വച്ചും ആന ആക്രമിച്ചു. വാഹനത്തിൽ മണിയെ കൂടാതെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഓട്ടോയുടെ അടിയിൽ അകപ്പെടുകയായിരുന്നു. ഇവരുടെ മകൾ പ്രിയയും വാഹനത്തിനടിയിൽപ്പെട്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റ് യാത്രക്കാരായ രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അപകടസമയം അതുവഴി വന്ന ജീപ്പ് ഡ്രൈവറാണ് മണിയെയും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു മണിയുടെ മരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചിന്നക്കനാലിലും മൂന്നാറിലുമായി നാല് പേരുടെ ജീവനാണ് കാട്ടാന കലിയിൽ പൊലിഞ്ഞത്.

Last Updated : Feb 27, 2024, 10:58 AM IST

ABOUT THE AUTHOR

...view details