തൃശൂർ :അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ വീണ്ടും കബാലി ഇറങ്ങി. റോഡിലിറങ്ങിയ കബാലി ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി. കാട് കയറിപ്പോയ കബാലി രണ്ട് മാസങ്ങൾക്ക് ശേഷമാണ് തിരികെയെത്തുന്നത്.
ഷോളയാർ പവർ ഹൗസിനും വാൽവ് ഹൗസിനും ഇടയിൽ ഇന്നലെ (ഡിസംബർ 29) രാവിലെ 11 മണിയോടെയായിരുന്നു ഒറ്റയാന്‍റെ വഴി തടയൽ. കബാലിയുടെ അപ്രതീക്ഷിത വഴി തടയൽ മൂലം കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. റോഡരികിൽ നിന്ന പന മറിച്ചിട്ട് തിന്നുകയായിരുന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു.
ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയിരുന്ന വാഹനങ്ങൾക്ക് മുമ്പിലാണ് കബാലി നിലയുറപ്പിച്ചിത്. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്ക് മുമ്പിൽ ചെറു വാഹനങ്ങളും കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസുൾപ്പെടെയാണ് കുടുങ്ങിയത്.