കാഞ്ചിയാറിൽ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാന ഇടുക്കി: കാഞ്ചിയാറിൽ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാന. തൊപ്പിപ്പാള മറ്റപ്പള്ളി കവലയിലാണ് വൈകുന്നേരം അഞ്ച് മണിയോടെ കാട്ടാന ഇറങ്ങിയത്. പത്തുവർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശം ഇടുക്കി വന്യജീവി സങ്കേതവുമായി വനാതിർത്തിയും പങ്കിടുന്നുണ്ട്. ഈ വനത്തിൽ നിന്നാണ് കാട്ടാന ജനവാസമേഖലയിലേക്ക് എത്തിയത്. മേഖലയിൽ താമസിക്കുന്ന യുവാവാണ് ആദ്യം കാട്ടാനയെ കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ആളുകൾ ബഹളം വച്ചതോടെ കാട്ടാന വനത്തിലേക്ക് തിരിച്ചു പോയി.
പത്ത് വർഷം മുൻപാണ് ഇവിടെ അവസാനമായി കാട്ടാന ഇറങ്ങിയത്. വീണ്ടും ജനവാസ മേഖലയിലേക്ക് കാട്ടാന എത്തിയതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. മതിയായ തരത്തിലുള്ള ഫെൻസിങ്, ട്രഞ്ച് സംവിധാനങ്ങൾ പ്രദേശത്തില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതോടൊപ്പം വഴിവിളക്കുകളുടെ അഭാവവും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.
ചക്കയടക്കമുള്ള ഫലങ്ങൾ ഭക്ഷിക്കുവാനാണ് കാട്ടാനകൾ ജനവാസ മേഖല ലക്ഷ്യം വെച്ചെത്തുന്നത്. മേഖലയിൽ കൃഷിനാശം ഉണ്ടാക്കിയില്ലെങ്കിലും കാട്ടാനയുടെ സാന്നിധ്യം വലിയ ആശങ്കയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്നത്.
Also Read: കാട്ടാന ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം; പരിഭ്രാന്തിയിൽ പ്രദേശവാസികള്‍