എറണാകുളം:നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ അസാധാരണ പ്രതിഷേധവുമായി കോൺഗ്രസ്. നേര്യമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബലമായി എടുത്തുകൊണ്ടുപോയി കോതമംഗലം നഗരത്തിൽവച്ച് പ്രതിഷേധിക്കുകയായിരുന്നു. എറണാകുളം ഡിസി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തള്ളി മാറ്റിയാണ് ആശുപത്രിയിൽ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയത്.
കോതമംഗലം നഗരത്തിൽ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ കയ്യിൽ നിന്നും പൊലീസ് മൃതദേഹം തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ പറഞ്ഞു. വീട്ടുകാരിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് തങ്ങൾ പ്രതിഷേധത്തിനിറങ്ങിയത്. ഉത്തരവാദപ്പെട്ട മന്ത്രിയെത്തി ഉറപ്പ് നൽകിയാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മാത്യു കുഴൽനാടൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരുടെ നേതൃത്വത്തിൽ, താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും ചേര്‍ന്ന് തടഞ്ഞിരുന്നു. വനംമന്ത്രിയുൾപ്പടെ സ്ഥലത്ത് എത്തണമെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.