മലപ്പുറം : കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (42) മരിച്ചത്. ഇന്നലെ (ജനുവരി 4) രാത്രിയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചോല നായ്ക്കർ വിഭാഗത്തിൽപ്പെട്ട ആളാണ് മണി.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളെ ട്രൈബൽ ഹോസ്‌റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് മണിയെ കാട്ടാന ആക്രമിച്ചത്. കണ്ണിക്കൈ എന്ന ഭാഗത്ത് ജീപ്പ് ഇറങ്ങി നടന്നുവരികയായിരുന്നു. ഒപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ മുമ്പിൽപ്പെട്ടത്.
കാട്ടാന തുമ്പിക്കൈ കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം നെഞ്ചിന് ചവിട്ടേറ്റതാകാം മരണകാരണം എന്നാണ് പ്രാഥമിക വിവരം.