ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപക നാശമാണ് വരുത്തുന്നത്. നേരം ഇരുട്ടുന്നതോടെ കുടുംബങ്ങൾ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയുണ്ട്.
മാങ്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡാണ് കവിതക്കാട് മേഖല. പൂർണ്ണമായും കർഷക കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന കാട്ടാന ശല്യം ഈ കുടുംബങ്ങളെ വലയ്‌ക്കുകയാണ്. കൂട്ടമായി കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്.
കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ആനകൾ വലിയ തോതിൽ കൃഷി നാശം വരുത്തുന്നു. ഏലവും റബ്ബറും തെങ്ങും കമുകുമെല്ലാം കാട്ടാനകൾ നശിപ്പിച്ചു. റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് നടത്തുന്ന കർഷകർ പ്രദേശത്തുണ്ട്. ഇവർക്ക് രാവിലെ കാട്ടാനകളെ ഭയന്ന് ടാപ്പിങിന് ഇറങ്ങാൻ കഴിയുന്നില്ല.