തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണം ശക്തമായി തുടരുന്നതിന്‍റെ സാഹചര്യത്തിൽ വിവിധ മേഖലകളിലുള്ളവരുടെ അടിയന്തര യോഗം വിളിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ (wild animal attack). ഇന്ന് (06.03.2024) ഉച്ചയ്ക്ക് ഓൺലൈനായാണ് യോഗം. നേരത്തെ ചേർന്ന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ നിലവിലെ സ്ഥിതി, പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കുക എന്നിവയ്ക്ക് വേണ്ടിയാണ് യോഗം.
ഇന്നലെ (05.03.2024) മാത്രം രണ്ടുപേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ ഷോളയാർ റേഞ്ചിലെ കൊല്ലതിരുമേട് വനത്തില്‍ പോയ ആദിവാസി ഊരുമൂപ്പന്‍റെ ഭാര്യ വത്സ, കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുമാസത്തിനിടെ എട്ട് പേരാണ് മരണപ്പെട്ടത്. വന്യജീവി ആക്രമണത്തെ തുടർന്ന് കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിലും ആളുകൾ കൊല്ലപ്പെടുന്നതിലും സർക്കാരിനെതിരെ പലയിടത്തും പ്രതിഷേധം കനത്തുവരികയാണ്.
അതേസമയം കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിലാപയാത്രയായിട്ടാകും എബ്രഹാമിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുക.