വന്യമൃഗ ആക്രമണങ്ങളിൽ വലഞ്ഞ് ഇടുക്കി; കാട്ടാന ശല്യത്തിന് പുറമെ കാട്ടുപോത്ത് ശല്യവും രൂക്ഷം ഇടുക്കി: കാട്ടാനയും, കാട്ടുപോത്തും, കാട്ടുപന്നിയുമുൾപ്പെടെയുള്ള വന്യ ജീവികൾ നാട്ടിലിറങ്ങി സ്വൈര്യവിഹാരം നടത്തുന്ന സാഹചര്യത്തിൽ ഏതുനിമിഷവും തങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയത്തോടെയാണ് ഇടുക്കിയിലെ ഓരോ മനുഷ്യനും ദിവസം തള്ളി നീക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെയുണ്ടായ വന്യ മൃഗ ആക്രമണങ്ങൾ ഇതിനു തെളിവാണ്.
മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാനക്കൊപ്പം കാട്ടുപോത്തുകളുടെ സാന്നിധ്യവും കൂടിയായപ്പോൾ ജനജീവിതം ദുസാഹമാണിവിടെ. ഇടം വലം തിരിയാനാവാതെ കാട്ടാനകളുടെ നിരന്തരമായ സാന്നിധ്യം മൂലം പൊറുതിമുട്ടിയ തൊഴിലാളികൾക്ക് കൂടുതൽ ഭീതി ഉണർത്തിയിരിക്കുകയാണ് കാട്ടുപോത്തിന്‍റെ സാന്നിധ്യവും.
കഴിഞ്ഞ ദിവസം ദേവികുളത്തിറങ്ങിയ കാട്ടുപോത്ത് കൂട്ടം തൊഴിലാളികളിൽ ഭീതി നിറച്ചപ്പോൾ മുന്നാറിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. മൂന്നാറിൽ നിന്നും ഒ.ഡി.കെ ഡിവിഷനിലേക്ക് പോകുന്ന വഴിയിൽ മെത്താപ് മുതലുള്ള സ്ഥലത്താണ് കാട്ടുപോത്തുകളുടെ സാന്നിധ്യം ഏറെയുള്ളത്.
മുൻ കാലങ്ങളിൽ ജനവാസ മേഖലകളിൽ കാട്ടുപോത്തിന്‍റെ ശല്യം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വീടുകളുടെ സമീപത്തേയ്ക്ക് പോലും കാട്ടുപോത്തുകൾ എത്തുന്ന സ്ഥിതിയാണ്. ചക്കക്കൊമ്പനും കട്ടക്കൊമ്പനും പടയപ്പയുമൊക്കെ ഉണ്ടാക്കുന്ന ആക്രമണങ്ങൾ ജനജീവിതത്തിന്‍റെ ഭാഗമായതുപോലെയുള്ള സ്ഥിതിഗതിയാണ് ഇടുക്കിയിലിപ്പോഴുള്ളത്. അരി കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയതിനുശേഷം കടകൾക്ക് നേരെയുള്ള കാട്ടാനകളുടെ ആക്രമണം ആദ്യമുണ്ടായത് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകടയ്ക്ക് നേരെയാണ്. ഏറ്റവും ഒടുവിലായി ഇന്ന് ദേവികുളം ഫാക്‌ടറി ഡിവിഷനിലെ വ്യാപാര സ്ഥാപനവും കാട്ടാനകൾ തകർത്തു.
എന്നാൽ കാലങ്ങളായി ഉയർന്നുവരുന്ന വന്യജീവി ആക്രമണത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ച് തങ്ങളുടെ ജീവനും സ്വത്തിനും എത്രയും വേഗം സുരക്ഷ ഒരുക്കണമെന്നാണ് ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യം.