കേരളം

kerala

ETV Bharat / state

കാട്ടുകൊമ്പനെ തുരത്താന്‍ വനം വകുപ്പ് ; സ്വാഗതം ചെയ്‌ത് 'പടയപ്പ' പ്രേമികൾ - Elephant Padayappa

മൂന്നാർ മേഖലയിൽ തലവേദനയാകുന്ന പടയപ്പയ്ക്കായി സോഷ്യൽ മീഡിയയിൽ 'സേവ് പടയപ്പ' ക്യാംപയിൻ സജീവമാണ്

wild animal attack  elephant  padayappa  forest department
Forest department to eradicate wild elephant; Padayappa fans welcomed the decision

By ETV Bharat Kerala Team

Published : Mar 20, 2024, 5:31 PM IST

കാട്ടുകൊമ്പനെ തുരത്താന്‍ വനം വകുപ്പ്; തീരുമാനം സ്വാഗതം ചെയ്‌ത് പടയപ്പ പ്രേമികൾ

ഇടുക്കി : ജനവാസ മേഖലകളിൽ ഇറങ്ങി നിരന്തരം ജീവനും, സ്വത്തിനും ഭീഷണി സൃഷ്‌ടിച്ചുവരുന്ന സാഹചര്യത്തിൽ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് പടയപ്പ പ്രേമികൾ രംഗത്ത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും ഉചിതമായ തീരുമാനമാണ് വനം വകുപ്പിൻ്റേതെന്നാണ് പടയപ്പ പ്രേമികളുടെ അഭിപ്രായം (padayappa).

മുമ്പ് ശാന്ത സ്വഭാവിയായിരുന്ന പടയപ്പ, വികസനങ്ങളുടെ ഭാഗമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നാണ് ജനവാസ മേഖലകളിൽ എത്തുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു. പടയപ്പയുടെ സഞ്ചാരപഥങ്ങളിൽ വേലികൾ സ്ഥാപിക്കുകയും അതുപോലുള്ള മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും മൂലമാണ് ജനവാസ മേഖലകളിൽ എത്തുന്നത് എന്നും മൃഗസ്നേഹിയും പരിസ്ഥിതി പ്രവർത്തകനുമായ ആർ. മോഹൻ പറഞ്ഞു.

ഉപദ്രവകാരികളായ വന്യജീവികളെ പിടികൂടി പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളൊക്കെ ദീർഘകാല വീക്ഷണത്തോടുകൂടി നടപ്പിലാക്കേണ്ടതാണ്. അതേസമയം പടയപ്പയെ നിരീക്ഷിക്കുവാൻ ചുമതലപ്പെടുത്തിയ പ്രത്യേക സംഘം രണ്ടാം ദിവസവും കാട്ടുകൊമ്പനെ നിരീക്ഷിക്കുന്ന ദൗത്യത്തിലാണ് (wild animal attack).

സാഹചര്യങ്ങൾ അനുകൂലമാകുന്നതോടെ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തുവാൻ ഉള്ള നീക്കങ്ങളുമായിട്ടാണ് നിരീക്ഷണ സംഘം പ്രവർത്തിച്ചുവരുന്നത്. മദപ്പാട് കാണുകയും തുടർന്നുള്ള ദിവസങ്ങളിൽ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്‌ത പടയപ്പ അപകടകാരിയായി മാറുന്ന പക്ഷം മയക്കുവെടി വയ്ക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

അതേസമയം മൂന്നാർ മേഖലയിൽ തലവേദനയാകുന്ന പടയപ്പയ്ക്കായി സോഷ്യൽ മീഡിയയിൽ 'സേവ് പടയപ്പ' ക്യാംപയിൻ സജീവമാണ്. ‘സേവ് പടയപ്പ’ ക്യാംപയിനുമായി മൃഗസ്നേഹികളും പടയപ്പ ഫാൻസ് അസോസിയേഷനും രംഗത്തുണ്ട് (padayappa).

"പടയപ്പയെ തൊട്ടുകളിക്കരുത്", "പടയപ്പയ്ക്ക് എതിരെ ഉള്ള അക്രമം അവസാനിപ്പിക്കുക, "ഇനി ഒരു മിണ്ടിപ്രാണിയെയും അവരുടെ ആവാസ വ്യവസ്ഥയിൽനിന്ന് നാടുകടത്താൻ ഞങ്ങൾ സമ്മതിക്കില്ല" എന്നിങ്ങനെ നീളുന്നു ക്യാംപയിനിൽ പങ്കെടുക്കുന്നവരുടെ ആവശ്യങ്ങൾ.

മദപ്പാട് ഉള്ളതിനാലാണ് സ്വഭാവത്തിലെ മാറ്റം. വേനൽമഴ ലഭിച്ചാലുടൻ ആന കാടുകയറുമെന്നും ഇവർ പറയുന്നു. ഇനിയുള്ള ഒന്നര മാസം വനംവകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ പ്രത്യേകം നിരീക്ഷിച്ചാൽ മതിയെന്നും ഇവർ പറയുന്നു. പടയപ്പയെ നാടുകടത്താൻ ശ്രമമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നാണ് ഭാരവാഹികളുടെ നിലപാട്. നേരത്തെ അരിക്കൊമ്പന് വേണ്ടിയും സമാന ക്യാംപയിൽ സോഷ്യൽ മീഡിയയിൽ സംഘടിപ്പിച്ചിരുന്നു.

മൂന്നാറിലെ ജനവാസമേഖലയിൽ ഇറങ്ങുന്ന പടയപ്പ വ്യാപക നാശമാണ് വിതയ്ക്കു‌ന്നത്. ഏറ്റവും ഒടുവിൽ മാട്ടുപ്പെട്ടി ഇക്കോ പോയിൻ്റ് പരിസരത്തിറങ്ങിയ പടയപ്പ വഴിയോരക്കട തകർത്താണ് അക്രമം കാട്ടിയത്. കഴിഞ്ഞ ആഴ്‌ച ടൂറിസ്റ്റുകൾക്ക് നേരെയും കാട്ടാന അക്രമം നടത്തിയിരുന്നു. പടയപ്പയുടെ അക്രമം വ്യാപകമായതോടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യം ശക്തമാക്കിയതോടെയാണ് വനം വകുപ്പിൻ്റെ ഇടപെടൽ ഉണ്ടായത് (wild animal attack).

അതേസമയം ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുകയാണ് വനം വകുപ്പ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ 2 ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. രാത്രികാഴ്‌ചകളും പകർത്താൻ ഈ ഡ്രോണുകൾക്ക് കഴിയും. കഴിഞ്ഞ പകൽ മുഴുവൻ പടയപ്പ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ ചോലക്കാടുകളിലാണ് ഉണ്ടായിരുന്നത്. പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് തുടരുകയാണ്.

ABOUT THE AUTHOR

...view details