ഇടുക്കി : കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്‌ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദം ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. എന്നാൽ വടക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്‌ച തുടരാനാണ് സാധ്യത.
അടുത്ത ആഴ്‌ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം. അതേസമയം ഇന്ന് കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.