K Sudhakaran and his wife 6.2 Crore property കണ്ണൂർ : കണ്ണൂർ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനും ഭാര്യ കെ സ്‌മിതയ്ക്കുമായി 6.2 കോടി രൂപയുടെ ആസ്‌തിയുണ്ടെന്ന് വിവരം. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്ളത്. കെ സുധാകരന് 3.6 കോടിയുടെ സ്ഥാവര ആസ്‌തിയും 5.77 ലക്ഷത്തിന്‍റെ ജംഗമ ആസ്‌തിയുമാണുള്ളത്.
ഭാര്യയ്ക്ക് 35 ലക്ഷം രൂപയുടെ ജംഗമ ആസ്‌തിയും 2.8 കോടിയുടെ സ്ഥാവര ആസ്‌തിയുമാണ് ഉള്ളത്. സുധാകരന്‍റെ കൈവശവും ബാങ്ക് അക്കൗണ്ടിലും മറ്റുമായി 5.77 ലക്ഷം രൂപയും 35.2 ലക്ഷം രൂപയും ഉണ്ട്. കൈവശമുള്ളവയിൽ സുധാകരന് 48 ഗ്രാം സ്വർണവും ഭാര്യയ്ക്ക് 200 ഗ്രാം സ്വർണവും ഉൾപ്പെടുന്നു.
നാലിടത്ത് ഭൂമി : സുധാകരന്‍റെ ഭാര്യയ്ക്ക് എടക്കാട്ടും കടമ്പൂരിലും ആയി നാലിടത്ത് ഭൂമിയുണ്ട്. ഇവയ്ക്ക് 68.37 ലക്ഷം, 53.94 ലക്ഷം, 20.50 ലക്ഷം, 86 ലക്ഷം രൂപയുമാണ് വില. 2023 - 24 സുധാകരന് സാമ്പത്തിക വർഷം 11 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായി. ഭാര്യയ്ക്ക് 2.75 ലക്ഷം രൂപയും.
ബാധ്യത : സുധാകരന് 53.29 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 6.03 ലക്ഷം രൂപയുടെയും ബാധ്യതയുണ്ട്.
കേസുകൾ : സുധാകരന്‍റെ പേരിൽ 12 കേസുകളുണ്ട്. രണ്ടെണ്ണത്തിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ സമര കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടിലും അദ്ദേഹം പിഴ അടയ്‌ക്കുകയും ചെയ്‌തു. മോൺസൺ മാവുങ്കുലുമായി ബന്ധപ്പെട്ട് വിദേശ നാണയം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചതായുള്ള പരാതിയിൽ എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റബോധം സമർപ്പിച്ചിട്ടുണ്ട്.
എം വി ജയരാജന് അക്കൗണ്ടിൽ 2.81 ലക്ഷം : കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജന്‍റെ കൈവശമുള്ളത് 5000 രൂപ. ബാങ്ക് അക്കൗണ്ടിൽ 2,81,387 രൂപയും ഉണ്ട്. ജയരാജന്‍റെയും ഭാര്യ ലീനയുടെയും പേരിൽ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ടുപേരുടെയും പേരിലായി 25,64,250 രൂപ വിലമതിക്കുന്ന 12 സെന്‍റ് ഭൂമിയുമുണ്ട്.
കലക്‌ടർക്ക് നൽകിയ നാമ നിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂല്യത്തിലാണ് ഈ വിവരമുള്ളത്. മലയാളം കമ്മ്യൂണിക്കേഷനിൽ 11000 രൂപയുടെ ഓഹരിയും, 1500 രൂപയുടെ ഓഹരി റെഡ് കോയിലുമുണ്ട്. അഞ്ചുപേർക്ക് വീതം വയ്‌ക്കുന്ന 40 സെന്‍റ് കുടുംബസ്വത്തായും ഉണ്ട്. ബാങ്ക് ജീവനക്കാരിയായ ഭാര്യ ലീനയുടെ പേരിൽ കാറുണ്ട്. ബിഎസ്‌സി, എൽഎൽബി ബിരുദധാരിയായ എം വി ജയരാജന്‍റെ പ്രായം 63 വയസാണ്. ജയരാജന്‍റെ പേരിൽ നിലവിൽ 5 കേസുകളാണുള്ളത്. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കേസുകളാണ് ഇത്. നാലു കേസുകളിൽ അദ്ദേഹം പിഴ അടച്ചു.
സി രഘുനാഥിന് ബാധ്യത 1,05,70,777 : കണ്ണൂരിലെ എൻഡിഎ സ്ഥാനാർഥി സി രഘുനാഥിന് 8,36,666 രൂപ മൂല്യം വരുന്ന ആസ്‌തിയും 1,05,70,777 രൂപയുടെ ബാധ്യതയും ഉണ്ട്. 60 ലക്ഷത്തോളം രൂപ മതിപ്പ് വില വരുന്ന 1706 ചതുരശ്ര അടി വിസ്‌തൃതിയിലുള്ള വീട് സ്വന്തമായി ഉണ്ട്.
രഘുനാഥന് കൈവശം പണമായുള്ളത് 5000 രൂപയും. ഭാര്യ മോണിക്കയുടെ കൈവശം 30000 രൂപയും ആണുള്ളത്. നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്ളത്. മ്യൂച്വൽ ഫണ്ട് ഓഹരി ഉൾപ്പെടെയുള്ളവയിലായി 25,03,000 രൂപയുടെ നിക്ഷേപവും ഇവരുടെ പേരിലുണ്ട്. ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് സമരം ചെയ്‌തു എന്ന പേരിൽ 500 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഗ്രിൻ കോ സഹകരണ സ്ഥാപനത്തിൽ ഡയറക്‌ടർ ആയി പ്രവർത്തിച്ചു എന്ന പേരിലും ഒരു കേസ് നിലവിലുണ്ട്.
ALSO READ : ശശി തരൂരിന് 55 കോടിയുടെ സ്വത്ത്; പ്രധാന വരുമാന മാര്‍ഗം പ്രസംഗത്തില്‍ നിന്നുള്ള പ്രതിഫലം