മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് തൃശ്ശൂര്‍:വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടന്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ദൗത്യസംഘം പൂര്‍ണസജ്ജരാണ്. നിലവില്‍ ഉള്‍വനത്തിനുള്ളിലാണ് ആനയുള്ളത്.
ആനയുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം മയക്കുവെടി വയ്‌ക്കാനാണ് തീരുമാനം. മയക്കുവെടിവച്ച് പിടികൂടിയ ശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ട് പോകും. ആനയെ നിരീക്ഷണത്തില്‍ വച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. തണ്ണീര്‍ കൊമ്പന്‍റെ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാകും ദൗത്യമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വയനാട്ടില്‍ ജനവാസ മേഖലയിലേക്ക് എത്തിയത്. ആനയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കൊല്ലപ്പെട്ടിരുന്നു. സുഹൃത്തിന്‍റെ വീടിന് മുന്നില്‍ വച്ചായിരുന്നു അജിയെ ആന ആക്രമിച്ചത്.
പിന്നാലെ, കാട്ടാനയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി മരിച്ച അജിയുടെ കുടുംബവും പ്രദേശവാസികളും പ്രതിഷേധം നടത്തി. തുടര്‍ന്നായിരുന്നു ആനയെ മടക്കുവെടി വയ്‌ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാനന്തവാടി സബ് കലക്‌ടറുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ അജിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കാനും തീരുമാനിച്ചിരുന്നു.