കൽപ്പറ്റ :വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്‌ത ഹർത്താൽ വയനാട്ടിൽ തുടങ്ങി (Wayanad Wild elephant attack hartal). 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും (Wayanad elephant attack deaths). കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ (ഫെബ്രുവരി 16) രാത്രി തന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്.