ഡല്‍ഹി: കോടതിയലക്ഷ്യത്തിന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ജയിലില്‍ പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി സര്‍ക്കാരിന് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
കോടതി ഉത്തരവ് പ്രകാരം വയനാട്ടിലെ മലയാളം അധ്യാപക നിയമനം ഈ മാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. 2011 ലെ പിഎസ്എസി ലിസ്റ്റ് പ്രകാരം ഉദ്യോഗാർത്ഥികളായ അവിനാശ് പി, റാലി പിആർ, ജോൺസൺ ഇവി, ഷീമ എം എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ കോടതി വിധി നടപ്പായില്ലെന്ന് കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിച്ച സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. അധ്യാപക നിയമനം നിശ്ചിത സമയത്തിനകം നടത്താത്തതിനായിരുന്നു നോട്ടീസ്. പൊതുവിദ്യാഭ്യാസ പ്രിൻസപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ്, ഡയറക്‌ടർ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ശശീന്ദ്ര വ്യാസ് എന്നിവരായിരുന്നു കേസിലെ എതിര്‍ കക്ഷികള്‍.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയലക്ഷ്യമാണ് കാട്ടിയതെന്ന് നിരീക്ഷിച്ചു. ഈ മാസം പത്തിനകം നാല് അധ്യാപകര്‍ക്കും നിയമനം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലയക്കുമെന്നും കോടതി വ്യക്തമാക്കി.
ALSO READ:3 വർഷത്തിനിടെ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നിയമനം നൽകിയത് 30273 പേർക്ക്; വി ശിവൻകുട്ടി