പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്നു ഒമ്പത് ദിവസം പൂർത്തിയാകുമ്പോൾ സന്നിധാനത്ത് 6,12,290 തീർഥാടകർ ദർശനം നടത്തിയതായും 416,400,065 രൂപയുടെ വരുമാനം ലഭിച്ചതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. സന്നിധാനം ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒൻപതു ദിവസം പൂർത്തിയാകുമ്പോൾ 303,501 തീർഥാടകർ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി എത്തിയതായും മുൻ വർഷത്തേക്കാൾ 133,379,701 രൂപ കൂടുതലായി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
സുഗമമായ ദർശനം ഒരുക്കാനാകുന്നത് ഒരു കൂട്ടായ്‌മയുടെ വിജയമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും, സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ഇരുപതിലേറെ ഡിപ്പാർട്ട്മെന്‍റുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇതിന് പിന്നിലുള്ളതെന്നും പ്രസിഡൻ്റ് പറഞ്ഞു. ഒരു മിനിറ്റിൽ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതിൽ നിർണായകമായി. പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തലും നടപന്തലുകളും സന്നിധാനത്തെ പന്തലുകളും ഭക്തർക്ക് ഏറെ ആശ്വാസകരമായി.
ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെ കിയോസ്ക്കുകൾ സ്ഥാപിച്ച് ശുദ്ധജലവും ആവശ്യത്തിന് ലഘുഭക്ഷണവും നൽകിവരുന്നു. വൃശ്ചികം ഒന്നായപ്പോഴത്തേക്കും അരവണയുടെ കരുതൽ ശേഖരം 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് ഭക്തർക്ക് അപ്പവും അരവണയും യഥേഷ്‌ടം നൽകുന്നതിന് സഹായകരമായി. സന്നിധാനത്ത് എത്തിച്ചേരുന്ന ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും യഥേഷ്‌ടം അന്നദാനം നൽകുന്നുണ്ട്.
തീർഥാടകർക്കായി വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലായി മൂന്ന് തൽസമയ ഓൺലൈൻ ബുക്കിങ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരാൾക്കുപോലും ദർശനം കിട്ടാതെ മടങ്ങി പോകുവാനുള്ള സാഹചര്യം ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും ശബരിമല പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന തന്ത്രിയുടെ നിർദേശം കർശനമായി പാലിക്കണമെന്നും പുണ്യനദിയായ പമ്പയെ മലിനമാക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്നും ഇത്തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും പ്രസിഡൻ്റ് പറഞ്ഞു.
Read Also: ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്; വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് പരിധിയും കടന്ന് ഭക്തരെത്തുന്നു